കോഴിക്കോട് : ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് മന്ത്രി എ കെ ബാലന്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിനെ പുറത്താക്കണം, പരാതികള്‍ പരിഹരിക്കാന്‍ ഇന്റേണൽ കമ്മിറ്റി രൂപവത്കരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി കേസ് വാദിക്കാന്‍ സാമ്പത്തിക നിയമ സഹായം നല്‍കണം  തുടങ്ങിയ കാര്യങ്ങള്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എ.കെ.ബാലന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസ് നല്ല രീതിയില്‍ വാദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. നടി പത്മപ്രിയ ഹൈക്കോടതിയില്‍ നല്‍കിയ കേസിന് പൂര്‍ണ പിന്തുണ നല്‍കും. മോഹന്‍ലാലിന്റെ സമീപനത്തെ നല്ല രീതിയില്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമ്മയുമായി സമവായത്തിലെത്തിക്കുന്നതിന് ലാലുമായി ചര്‍ച്ച നടത്തി. നടികളുടെ പ്രശ്നം പരിഹരിക്കുന്നതിന് ഇന്റേണല്‍ കമ്മിറ്റി രൂപവത്കരിക്കുന്നതിനും ദിലീപിനെ ഒഴിവാക്കുന്നതിനും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ചെയ്തിട്ടുണ്ട്. ലാലിന്റെ സമീപനം നല്ല ഉദ്ദേശ്യത്തോടെ കാണണം. ഇരയുടെ കേസ് കൈകാര്യം ചെയ്യാന്‍ സാമ്പത്തികം തടസ്സമാവില്ല. പത്മപ്രിയ ഹൈക്കോടതിയില്‍ നല്‍കിയ കേസിന് പൂര്‍ണ പിന്തുണ നല്‍കും. ഇരയേയും അമ്മയേയും വേര്‍തിരിച്ച് കാണില്ല. തര്‍ക്കം സിനിമാ മേഖലയെ ബാധിക്കരുത്. പ്രശ്നപരിഹാരത്തിന് ഇരു സംഘടനകളും ശ്രമിക്കണം. പരസ്പരം സഹകരിച്ച് പോവണം-എ കെ ബാലന്‍ ആവശ്യപ്പെട്ടു. 

Content Highlights : ak balan mohanlal AMMA WCC Dileep Actress abduction case