ക്ഷാധികാരി ബൈജു ഒപ്പ് എന്ന ബിജു മേനോന്‍ ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ അജു വര്‍ഗീസും നിര്‍ണായകമായൊരു വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബൈജു എന്ന ക്ലബ് രക്ഷാധികാരിയുടെ നാട്ടിന്‍പുറത്തെ ഒരുപാട് സുഹൃത്തുക്കളില്‍ ഒരാളായ ഉണ്ണി എന്ന കഥാപാത്രത്തെയാണ് അജു അവതരിപ്പിക്കുന്നത്. കുട്ടിയാന എന്ന പെട്ടിയോട്ടോയുടെ ഡ്രൈവറാണ് ഉണ്ണി. 

'കുമ്പളത്തെ എല്ലാക്കാര്യങ്ങളിലും ഇടപെടുകയും കുട്ടികളുടെ കളി പഠനം അവരുടെ സ്വപ്നങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന നാട്ടിന്‍പുറത്തിന്റെ നന്മയുള്ള കഥാപാത്രമാണ് ബൈജുവേട്ടന്‍ എന്ന രക്ഷാധികാരി ബൈജു. കൊച്ചൗവ്വപൗലോ അയ്യപ്പ കൊയ്ലോയില്‍ ചാക്കോച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് ഒരു ഇമേജുണ്ട്. അതിന്റെ മറ്റൊരു പതിപ്പാണ് ബൈജുവേട്ടന്‍. കുമ്പളത്തെ എല്ലാ ആവശ്യങ്ങള്‍ക്കും ഞങ്ങളെല്ലാമുണ്ട്. ക്രിക്കറ്റ് കളിക്കാനും ഫുട്ബോള്‍ കളിക്കാനും മാത്രമല്ല നാട്ടിലെ ഉത്സവത്തിനും കല്യാണത്തിനുമെല്ലാം ഞങ്ങളുടെ സാന്നിദ്ധ്യമുണ്ടാകും. ആ ജീവിതം അങ്ങനെ തന്നെ സ്‌ക്രീനിലേക്ക് പകര്‍ത്തിയിരിക്കുകയാണ് രഞ്ജന്‍ പ്രമോദ്.

സിങ്ക് സൗണ്ടിലാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ഞാനാദ്യമായിട്ടാണ് സിങ്ക് സൗണ്ടില്‍ ഷൂട്ട് ചെയ്യുന്നത്. സത്യം പറഞ്ഞാല്‍ ആദ്യം സിങ്ക് സൗണ്ടില്‍ ഷൂട്ട് ചെയ്യാന്‍ നമ്മള്‍ സമ്മതിച്ചില്ല. പിന്നീട് ചെയ്യുകയും ചെയ്തു. സിനിമ പുറത്തുവന്നപ്പോള്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം ശരിയായിരുന്നു എന്ന ബോധ്യമാണ് എനിക്കുണ്ടാകുന്നത്. ഓരോ സിനിമയും നല്‍കുന്നത് ഓരോ തിരിച്ചറിവുകളാണല്ലോ' - അജു വര്‍ഗീസ് മാതൃഭൂമിയോട് പറഞ്ഞു. 

സിനിമ പങ്കുവെയ്ക്കുന്ന ഗൃഹാതുരത്വത്തെക്കുറിച്ച് അജു വര്‍ഗീസിന് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. കളിക്കൂട്ടുകാരുമായി മൈതാനങ്ങളില്‍ കളിച്ചുവളര്‍ന്നൊരു ബാല്യം തനിക്കുമുണ്ടായിരുന്നുവെന്ന് ഓര്‍ത്തെടുത്ത അജു അത് ഇന്നത്തെ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുകയാണെന്ന ആശങ്കയും പങ്കുവെച്ചു. 

'ഇത്തരം സിനിമകള്‍ നമ്മുടെ സമൂഹത്തിന് നല്‍കുന്ന ചില തിരിച്ചറിവുകളുണ്ട്. എന്തായിരുന്നു നമ്മുടെ കേരളം, അതിന്റെ ചുറ്റുപാടുകള്‍ എങ്ങനെയായിരുന്നു. നമ്മുടെ നാട്ടിന്‍പുറത്ത് ഇങ്ങനെ ബൈജുവേട്ടന്മാര്‍ ഒരുപാടുണ്ടായിരുന്നു. കുട്ടികളെ സ്വപ്നം കാണാന്‍ പഠിപ്പിക്കുക, അവരെ പ്രോത്സാഹിപ്പിക്കുക എന്നതൊക്കെയാണ് ബൈജുവേട്ടന്മാര്‍ ചെയ്തിരുന്നത്. അങ്ങനത്തെ ആളുകള്‍ ഇന്ന് കുറഞ്ഞ് വരികയാണ്. കുട്ടികളുടെ കളിസ്ഥലങ്ങള്‍ നിലനിര്‍ത്താനും സൗഹൃദങ്ങള്‍ ദൃഢപ്പെടുത്താനും ഈ സിനിമ കണ്ട് ആളുകള്‍ക്ക് തോന്നട്ടെ എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. എന്റെ കുട്ടികളുടെ ജനറേഷന്‍ വന്ന് നില്‍ക്കുമ്പോള്‍ കളിസ്ഥലങ്ങളും ബൈജുവേട്ടന്മാരും അവര്‍ക്ക് അന്യമാണ്. പണ്ട് കുട്ടികള്‍ക്ക് അറിവ് ലഭിച്ചിരുന്നത് പുസ്തകങ്ങളില്‍നിന്ന് മാത്രമല്ല, ഇത്തരം കളിസ്ഥലങ്ങളിലെ കൂട്ടായ്മകളില്‍നിന്ന് കൂടിയാണ്.'

ബിജു മേനോനുമായി മുന്‍പും ഒരുപാട് സിനിമകളില്‍ അജു സഹകരിച്ചിട്ടുണ്ട്. വെള്ളിമൂങ്ങ, കുഞ്ഞിരാമായണം തുടങ്ങിയ സിനിമകള്‍ സൂപ്പര്‍ഹിറ്റുകളുമായിരുന്നു. ബിജു മേനോനുമായുള്ള കൂട്ടുകെട്ടിലിറങ്ങുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള പ്രധാന ആശങ്കകളും പേടിയും എന്തായിരുന്നുവെന്ന് ചോദിച്ചപ്പോള്‍ അജു നല്‍കിയ മറുപടി ഇങ്ങനെ. 

'ഈ സിനിമ ഇറങ്ങുമ്പോള്‍ എനിക്ക് ഒരുറപ്പുണ്ടായിരുന്നു. പ്രേക്ഷകനെ ചതിക്കുന്നൊരു ചിത്രമല്ല ഇത്. പക്ഷെ, എനിക്കുണ്ടായിരുന്ന ഒരു പേടി എന്താണെന്ന് ചോദിച്ചുകഴിഞ്ഞാല്‍ ബിഗ് ബജറ്റ് സിനിമകളും ബിഗ് സ്റ്റൈലിഷ് പടങ്ങളുമാണ് ഇപ്പോള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ഈ സിനിമയില്‍ പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കാനുള്ള തുറുപ്പുചീട്ട് ബിജുമേനോന്‍ മാത്രമായിരുന്നു. സിങ്ക്സൗണ്ട് ശരിയാകുമോ എന്ന പേടിയുണ്ടായിരുന്നു. പക്ഷെ, സിനിമ തിയേറ്ററിലെത്തിയപ്പോള്‍ ആ ടെന്‍ഷനുകളൊക്കെ മാറി. സിനിമ നല്ലതാണെങ്കില്‍ മാത്രം പ്രമോട്ട് ചെയ്യുക എന്നൊരു രീതിയാണ് ഞാന്‍ പിന്തുടരുന്നത്. അല്ലാതെ മോശം സിനിമകളെ നിര്‍ബന്ധിച്ച് പ്രേക്ഷകരെ കാണിക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല. അതുകൊണ്ട് തന്നെ എനിക്ക് ധൈര്യമായി പറയാം നിങ്ങള്‍ക്ക് കുടുംബസമേതം കാണാന്‍ സാധിക്കുന്നൊരു ചിത്രമാണ് രക്ഷാധികാരി ബൈജു ഒപ്പ്'