ന്തരിച്ച നടി ശ്രീദേവിക്ക് നല്‍കിയ വാക്കുപാലിച്ച് അജിത്. ശ്രീദേവിയുടെ 55ാം ജന്‍മദിനത്തിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം പുറത്ത് വന്നത്. അജിതിന്റെ അടുത്ത ചിത്രം നിര്‍മിക്കുന്നത് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂറാണ്. ചിത്രം സംവിധാനം ചെയ്യുന്നത് വിനോദാണ്.

ശ്രീദേവിക്കൊപ്പം ഇംഗ്ലീഷ് വിംഗ്ലീഷ് ചിത്രത്തില്‍ അജിത് അഭിനയിച്ചിട്ടുണ്ട്. ആ സമയത്ത് നടിക്ക് നല്‍കിയ വാക്കാണ് അജിത് പാലിക്കുന്നത്. ഒരു അതിഥിതാരമായാണ് ഇംഗ്ലീഷ് വിഗ്ലീഷില്‍ അജിത് എത്തിയത്. ഹിന്ദി പതിപ്പില്‍ അമിതാഭ് ബച്ചനാണ് അജിതിന് പകരം എത്തിയത്. സിനിമയില്‍ നിന്ന് മാറി നിന്ന ശ്രീദേവി ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നും ഇംഗ്ലീഷ് വിംഗ്ലീഷ്.

1963 ആഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. 1969ല്‍ തുണൈവന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ബാലതാരമായെത്തി. ഹിന്ദി, ഉര്‍ദു, തമിഴ്, തെലുഗ്, കന്നട, മലയാളം എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിരിക്കുന്നത്. അവസാന ചിത്രമായ മോമിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. മരണാനന്തര ബഹുമതിയായാണ് ശ്രീദേവിക്ക് പുരസ്‌കാരം നല്‍കിയത്. ഷാരൂഖ് ഖാന്‍ പ്രധാനവേഷത്തിലെത്തുന്ന സീറോയില്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. ഡിസംബറിലാണ് ചിത്രം പുറത്തിറങ്ങുക. 

ഫെബ്രുവരി 24 ന് ദുബായില്‍ വച്ചാണ് ശ്രീദേവി മരിച്ചത്. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ശ്രീദേവി. ഭര്‍ത്താവ് ബോണി കപൂറും ഇളയ മകള്‍ ഖുശിയും ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നു. 

Content Highlights: ajith to full fill sridevi's wish boney kapoor to produce ajith's movie birth anniversary