ടൊവിനോ പങ്കുവച്ച ചിത്രങ്ങൾ
'അജയന്റെ രണ്ടാം മോഷണ'ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുമ്പോള്‍ വികാരനിര്‍ഭരമായ കുറിപ്പുമായി നടന്‍ ടൊവിനോ തോമസ്. ഇതിഹാസകരമായ ഒരനുഭവമാണ് അവസാനിക്കുന്നതെന്നും കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചുവെന്നും ടൊവിനോ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
കാസര്‍കോട് ഉള്ള നിഷ്‌കളങ്കരായ ജനങ്ങളുടെ പിന്തുണകൊണ്ടാണ് ഈ ചിത്രം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. പ്രേക്ഷകര്‍ക്ക് ഈ സിനിമ മനോഹരമായിരിക്കും എന്നുറപ്പാണ്- ടൊവിനോ പറഞ്ഞു.
''ഇതിഹാസകരമായ ഒരനുഭവം അവസാനിക്കുന്നു. 110 ദിവസത്തെ ചിത്രീകരണത്തിന് ശേഷം അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂള്‍ അവസാനിക്കുകയാണ്. 'ഇതിഹാസം' എന്ന വിശേഷണം ഒട്ടും കൂടുതലല്ല, കാരണം തുടക്കക്കാര്‍ക്ക് ഇതൊരു പീരിഡ് സിനിമയാണെങ്കിലും അതിലുപരി എനിക്ക് ഇത് എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അനുഭവമായിരുന്നു.
ഒരു യുഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന് മെച്ചപ്പെട്ട മറ്റൊരു യുഗത്തിലേക്ക് രൂപാന്തരപ്പെട്ടത് പോലെയൊരനുഭവം. 2017 മുതല്‍ ഞങ്ങളെ ആവേശഭരിതരാക്കിയ ഒരു കഥയായിരുന്നു അജയന്റെ രണ്ടാം മോഷണം. പലപ്പോഴും സ്വപ്നങ്ങളില്‍ സംഭവിക്കുന്നത് പോലെ ആഗ്രഹിച്ചപോലെ സിനിമ ആരംഭിക്കാന്‍ കാലതാമസം വന്നു. പക്ഷേ ഇപ്പോള്‍ രസകരവും ആഹ്ളാദകരവും സംതൃപ്തി തരുന്നതും എല്ലാറ്റിനുമുപരിയായി മികച്ച പഠനാനുഭവവുമായ ഒരു ചിത്രീകരണ അനുഭവത്തില്‍ നിന്ന് ഞാന്‍ സൈന്‍ ഓഫ് ചെയ്യുകയാണ്.
അതിനേക്കാളുപരി, തുടര്‍ച്ചയായ ഒരു പഠനാനുഭവമായിരുന്നു അത്. ഒരുപാട് പുതിയ കാര്യങ്ങളില്‍ വൈദഗ്ധ്യം നേടി. കളരിപ്പയറ്റും കുതിര സവാരിയും ഉള്‍പ്പെടെ നിരവധി പുതിയ കാര്യങ്ങള്‍ പഠിക്കുകയും അഭിനയത്തെക്കുറിച്ച് പുതിയ അനുഭവങ്ങള്‍ നേടാനുമായി.
അജയന്റെ രണ്ടാം മോഷണത്തില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളാണ് ഞാന്‍ ചെയ്യുന്നത്. എല്ലാം ബഹുമുഖമായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കള്‍ കൂടിയായ അണിയറപ്രവര്‍ത്തകരാണ് എനിക്ക് ചുറ്റുമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഷെഡ്യൂളുകള്‍ പോലും ഏറെ ലളിതമായി തോന്നി.
ഒരുപാട് ഓര്‍മകളും പുതിയ സുഹൃത്തുക്കളേയും സമ്പാദിച്ചതിന് പുറമേ സൗഹൃദങ്ങള്‍ കൂടുതല്‍ ഊട്ടിഉറപ്പിക്കാനായ നിമിഷങ്ങളാണ് കടന്നുപോയത്. കാസര്‍കോടിന്റെ സൗന്ദര്യമാണ് ഞാന്‍ ഇവിടെനിന്ന് നെഞ്ചിലേറ്റിയ മറ്റൊരു സൗഭാഗ്യം. മാസങ്ങളോളമുളള താമസം അവരുടെ സഹായവും പിന്തുണയുമുള്ളതുകൊണ്ട് എളുപ്പമായിരുന്നു. ഒരു ചെറുപുഞ്ചിരിയില്‍ തുടങ്ങിയ അടുപ്പം ഇന്ന് ഏറ്റവും ശക്തമായ സൗഹൃദമായി മാറിയിരിക്കുന്നു. കുറച്ച് കാലം ഞങ്ങളുടെ സ്വന്തം വീടുപോലെയായതില്‍ കാസര്‍കോഡിന് നന്ദി. അദ്ഭുതകരമായ ഈ സ്ഥലത്തോടും അതിശയകരമായ ടീമിനോടും തല്‍ക്കാലം വിട പറയുന്നു, എങ്കിലും ഞാന്‍ മടങ്ങിവരും. ഈ സിനിമ മനോഹരമായിരിക്കും എന്നുറപ്പാണ്. പക്ഷേ നിങ്ങള്‍ എല്ലാവരും തിയറ്ററുകളില്‍ ഇത് എങ്ങനെ ആസ്വദിക്കുന്നുവെന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഈ സിനിമയ്ക്കായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. ഇതൊരു സ്വപ്നമാണ് അത് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒരുപാട് സ്‌നേഹത്തോടെ ടൊവി.''- ടൊവിനോ കുറിച്ചു.
എന്ന് നിന്റെ മൊയ്തീന്‍, കുഞ്ഞിരാമായണം, ഗോദ, കല്‍ക്കി എന്നി ചിത്രങ്ങളുടെ സഹ സംവിധായകനായ ജിതിന്‍ ലാലിന്റെ ആദ്യ സംവിധാന സംരഭമാണ് അജയന്റെ രണ്ടാം മോഷണം. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റര്‍ടൈനര്‍ ചിത്രമായിട്ടാണ് 'അജയന്റെ രണ്ടാം മോഷണം'ഒരുക്കുന്നത്. കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് ചിത്രം കടന്നു പോകുന്നത്. സുജിത് നമ്പ്യാരുടേതാണ് കഥ തിരക്കഥ സംഭാഷണം. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, അജു വര്‍ഗ്ഗീസ്, ശിവജിത്ത് പത്മനാഭന്‍, റോഹിണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
അഡിഷണല്‍ സ്‌ക്രീന്‍പ്ലേ-ദീപു പ്രദീപ്, എഡിറ്റര്‍-ക്രിസ്റ്റി സെബാസ്റ്റ്യന്‍. തമിഴില്‍ 'കന' തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. യൂ.ജി.എം എന്റെര്‍റ്റൈന്മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍.
Content Highlights: ajayante randam moshanam tovino thomas shares his magnificent experience about film jithin lal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..