ഫേസ്ബുക്കില്‍ പൃഥ്വിരാജിനെക്കുറിച്ച് പണ്ട് ഒരു പോസ്റ്റിനു കീഴെ താനിട്ട കമന്റിന് രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് ഐശ്വര്യലക്ഷ്മി. പൃഥ്വിരാജിനെ രാജപ്പന്‍ എന്നു വിളിച്ചുകൊണ്ടായിരുന്നു ആ കമന്റ്. ഫാനിസം തലക്കു പിടിച്ചിരുന്ന കാലത്ത് ഇട്ട പോസ്റ്റ് ആരോ റീപോസ്റ്റ് ചെയ്തതോടെ കമന്റുകളുടെ പ്രവാഹമായിരുന്നു പോസ്റ്റിനു താഴെ. ഒടുവില്‍ ഐശ്വര്യ മാപ്പു പറഞ്ഞു രംഗത്തു വന്നിരുന്നു. 

ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇതേപ്പറ്റി ഇപ്പോള്‍ താരം വീണ്ടും വിശദീകരണം നല്‍കിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുന്നതിന് സ്ത്രീകള്‍ക്ക് ചിലര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചിലര്‍ക്കിഷ്ടമില്ലാത്തതു പറഞ്ഞാല്‍ വ്യക്തിഹത്യ ആരംഭിക്കുമെന്നും ഐശ്വര്യ പറയുന്നു.

'ആ കമന്റ് പോസ്റ്റ് ചെയ്യുമ്പോള്‍ ഞാന്‍ സിനിമയില്‍ എത്തിയിട്ടു പോലുമില്ല. ഇപ്പോഴാണെങ്കില്‍ താനങ്ങനെ ഒരു പരാമര്‍ശം നടത്തില്ല. പൃഥ്വിരാജിനെ ബഹുമാനിക്കുന്നു. പക്ഷേ ഞാന്‍ പറഞ്ഞതില്‍ അദ്ദേഹത്തിനെന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് തോന്നുന്നില്ല. പിന്നെ ആ ക്ഷമാപണം പൃഥ്വിരാജിനു വേണ്ടിയായിരുന്നില്ല..' ഐശ്വര്യ വ്യക്തമാക്കി. 

aiswarya lekshmi

'നിങ്ങള്‍ ഒരു സിനിമാതാരമാണെങ്കില്‍ മറ്റൊന്നിനെക്കുറിച്ചും അഭിപ്രായം പറയരുതെന്നാണ് ചിലര്‍ കരുതുന്നത്.  ഐശ്വര്യ തുടര്‍ന്നു: 'ഓണ്‍ലൈനില്‍ എന്നെ സ്ഥിരം ശല്യം ചെയ്യുന്ന ഒരാളുണ്ടായിരുന്നു. എന്റെ എല്ലാ ചിത്രങ്ങള്‍ക്കും യൂട്യൂബിലെ അഭിമുഖങ്ങള്‍ക്കും താഴെ ഒരേ കമന്റ് കോപ്പി പേസ്റ്റ് ചെയ്യുമായിരുന്നു. ആ കമന്റുകള്‍ ശരിക്കും വേദനിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതൊക്കെ ചെയ്യുന്നതിനു പിന്നിലെ കാരണമറിയാന്‍ ആ കമന്റുകള്‍ക്ക് ഞാന്‍ പ്രതികരിച്ചു തുടങ്ങി. മായാനദിയില്‍ ഞാന്‍ ചെയ്ത ചില രംഗങ്ങളുടെ പേരില്‍ എന്നോടുള്ള വെറുപ്പ് കാരണമാണ് അയാള്‍ ഇത്തരത്തില്‍ പെരുമാറിയിരുന്നത്. എന്റെ ജോലിയാണിതെന്ന് പറഞ്ഞു ഞാന്‍ നിര്‍ത്തി. അത്ഭുതം തോന്നിപ്പോയി..ഇതെന്റെ ജീവിതമാണ്. ഏതു തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. അഭിനന്ദിക്കുന്നതും വിമര്‍ശിക്കുന്നതുമൊക്കെ ഒരാളുടെ അവകാശമാണന്നതു ശരി തന്നെ.. പക്ഷേ, ഞാന്‍ ചെയ്ത ഒരു സീനിന്റെ പേരില്‍ അത്രത്തോളം വ്യക്തിഹത്യ ഞാന്‍ നേരിട്ടു...'

prithvi fans

2012ല്‍ ഔറംഗസേബ് എന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് സമയത്ത് നായകന്മാരായ അര്‍ജുന്‍ കപൂര്‍, പൃഥ്വിരാജ് എന്നിവരുടെ ചിത്രത്തിന് താഴെയിട്ട കമന്റാണ് ഐശ്വര്യയെ വെട്ടിലാക്കിയത്. ഇഷക്ക്‌സാദേ നായകന് ഉമ്മ എന്നാണ് ഐശ്വര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നത്. അതിനുതാഴെ കൂട്ടുകാരികളുമായി നടന്ന ചര്‍ച്ചയില്‍ 'ഇടി കൊണ്ട് ഡാമേജായ അവസ്ഥയിലാണ് രാജപ്പന്‍ ചിത്രത്തില്‍. എന്റെ നായകനെ നോക്കു എത്ര ഹോട്ടാണ് എപ്പോഴും' എന്നും കുറിച്ചിരുന്നു. ഇതാണ് പൃഥ്വിരാജ് ഫാന്‍സിനെ ചൊടിപ്പിച്ചത്. 

പ്രശ്‌നം വഷളായതോടെ ഐശ്വര്യ ക്ഷമാപണവുമായി രംഗത്ത് എത്തി. ഫാനിസം തലയ്ക്കു പിടിച്ച സമയത്ത് ഇട്ട കമന്റാണെന്നും ഇന്നത് വായിക്കുമ്പോള്‍ ലജ്ജയും നാണക്കേടും തോന്നുന്നുവെന്നും ഐശ്വര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തെറ്റ് മനസ്സിലാക്കി ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ തോന്നിയതിന് നന്ദി എന്നുപറഞ്ഞ് പൃഥ്വിരാജ് ഫാന്‍സും രംഗത്തെത്തി.

prithviraj fans