നിക്കും കുടുംബത്തിനുമായി പ്രാർഥിച്ചവർക്ക് നന്ദി പറഞ്ഞ് ബോളിവുഡ് താരം ഐശ്വര്യ റായ്. കഴിഞ്ഞ ദിവസമാണ് ഐശ്വര്യയും മകൾ ആരാധ്യയും കോവിഡ് രോ​ഗവിമുക്തരായി ആശുപത്രി വിട്ടത്.

"എനിക്കും എന്റെ പൊന്നുമകൾ ആരാധ്യയ്ക്കും, അച്ഛനും, അഭിയ്ക്കും വേണ്ടിയുള്ള നിങ്ങളുടെ പ്രാർഥനയ്ക്ക്, അന്വേഷണങ്ങൾക്ക്, ആശംസകൾക്ക്, സ്നേഹത്തിന് ഒരുപാട് നന്ദി. ഇതെന്നെ പൂർണമായും കീഴ്പ്പെടുത്തിക്കളഞ്ഞു, എന്നേക്കും നിങ്ങളോട് കടപ്പെട്ടിരിക്കും. ദൈവം നിങ്ങളെ അനു​ഗ്രഹിക്കട്ടെ. നിങ്ങളോട് ഒരുപാട് സ്നേഹം. നിങ്ങളുടെ നല്ലതിനായി എന്റെ പ്രാർഥനകളും..സുരക്ഷിതരായിരിക്കൂ..."ഐശ്വര്യ കുറിച്ചു.

ഐശ്യര്യയും മകളും ആശുപത്രി വിട്ട ശേഷം വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു അമിതാഭ് ബച്ചൻ.

"എന്റെ മരുമകളും കൊച്ചുമകളും ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ ശേഷം എനിക്കെന്റെ കണ്ണുനീരിനെ നിയന്ത്രിക്കാനാവുന്നില്ല. ദൈവമേ നിന്റെ അനു​ഗ്രഹം അനന്തമാണ്.." ബച്ചൻ ട്വീറ്റ് ചെയ്യുന്നു.

ഐശ്വര്യയും ആരാധ്യയും വീട്ടിലേക്ക് പോയെന്നും പിതാവും താനും ആശുപത്രിയിൽ തന്നെ തുടരുകയാണെന്നും അഭിഷേക് ബച്ചനാണ് ട്വീറ്ററിലൂടെ അറിയിച്ചത്.

കുടുംബത്തിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ബച്ചൻ തന്നെയാണ് ട്വീറ്ററിലൂടെ പങ്കുവെച്ചത്. താനുമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയ എല്ലാവരും പരിശോധന നടത്തണമെന്ന് ബച്ചൻ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നത്. മുംബൈ നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ചികിത്സയിൽ കഴിയുന്നത്.

Content Highlights : Aishwarya Rai thanks fans for praying for her family to recover from covid 19