ന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും താരമൂല്യമുള്ള സെലിബ്രിറ്റി കുടുംബം ഏതാണെന്ന ചോദ്യത്തിന് ഒന്നേയുള്ളൂ ഉത്തരം. അത് ബിഗ് ബിയുടേത് തന്നെ. ഒന്നല്ല, നാല് വമ്പന്‍ താരങ്ങളാണ് കുടുംബത്തിലുള്ളത്. അമിതാഭ് ബച്ചനും ജയ ബച്ചനും അഭിഷേകും ഐശ്വര്യയും.

എന്നാല്‍, ഈ താരപ്പകിട്ടിന്നപ്പുറം മറ്റ് ചിലത് കൂടിയുണ്ട് ഈ കുടുംബത്തിലെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിവാഹസത്കാരച്ചടങ്ങാണ് ഈ ഗോസിപ്പ് ആളിക്കത്തിച്ചത്.

സത്കാരത്തിന് ബച്ചനും മകള്‍ ശ്വേതയും മകന്‍ അഭിഷേകും ഐശ്വര്യയുമെല്ലാമുണ്ടായിരുന്നു. നല്ല ഒന്നാന്തരം സ്റ്റൈലില്‍ തന്നെയായിരുന്നു നാലുപേരും എത്തിയത്. സത്കാരത്തിലെ സ്റ്റാര്‍ അറ്റ്റാക്ഷന്‍ എന്നു വേണമെങ്കില്‍ പറയാമായിരുന്നു ബിഗ് ബി കുടുംബത്തെ. എന്നാല്‍, ഇവര്‍ ഒന്നിച്ചുള്ള ഒരു വീഡിയോയില്‍ നിന്ന് മുറിച്ചെടുത്ത ഒരു ഭാഗമാണ് കഥയുടെ മറ്റൊരു സീനിലേയ്ക്കാണ് വെളിച്ചം വീശിയത്. ബച്ചന്‍ കുടുംബത്തില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല എന്നൊരു സൂചനയാണ് ഈ ദൃശ്യം പറയുന്നത്.

ബച്ചനും മകള്‍ ശ്വേതയും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് അഭിഷേകും ഐശ്വരയും എത്തുന്നത്. മകനും മരുമകളും എത്തിയ ഉടനെ ബച്ചനും ശ്വേതയും സ്ഥലംവിട്ടു. പക്ഷേ, ഫോട്ടോഗ്രാഫര്‍മാര്‍ അവരെ വിട്ടില്ല. നാലുപേരും ഒന്നിച്ചുള്ള ഫോട്ടോ വേണമെന്നായി അവര്‍. ബച്ചനും ശ്വേതയും വീണ്ടും അഭിഷേകിനും ഐശ്വര്യയ്ക്കുമൊപ്പം ചെന്നു നിന്നു. ഇടയ്ക്ക് ശ്വേത അഭിഷേകിനോട് കുശലം പറഞ്ഞെങ്കിലും അടുത്തുനിന്ന ഐശ്വര്യയോട് ഒന്നും മിണ്ടിയില്ല. മുഖാമുഖം ഒന്ന് നോക്കുകയും പരിചയഭാവം കാട്ടുകയോ ചെയ്തില്ല. ചന്തയില്‍ കണ്ട പരിചയം പോലും കാണിക്കാതെ രണ്ട് കൂട്ടരും രണ്ട് വഴിക്ക് പോവുകയും ചെയ്തു.

സംഭവം ആദ്യം ആരും ശ്രദ്ധിച്ചില്ലെങ്കിലും ചില രസികന്മാര്‍ ഇൗ ദൃശ്യം മാത്രം മുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു. ശ്വേതയും നാത്തൂന്‍ ഐശ്വര്യയും തമ്മില്‍ അത്ര സുഖകരമായ ബന്ധമല്ലെന്ന ഗോസിപ്പിന് ചൂടുപിടിക്കുകയും ചെയ്തു. നേരത്തെ ഐശ്വര്യയുടെ മകള്‍ ആരാധ്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ ശ്വേത പങ്കെടുക്കാതിരുന്നതും വോഗിന്റെ ഒരു ചടങ്ങില്‍ ഐശ്വര്യയും ശ്വേതയും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാതിരുന്നതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഐശ്വര്യ കുടുംബവീട്ടില്‍ നിന്ന് മാറി താമസിച്ചതില്‍ ബച്ചന്‍ സന്തുഷ്ടനല്ലെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതുമായാണ് ഇപ്പോള്‍ ആളുകള്‍ കോലിയുടെ സത്കാരത്തിനിടെയുള്ള ഈ സംഭവത്തെ കൂട്ടിവായിക്കുന്നത്.

Content Highlights: Aishwarya rai shweta bachchan, Anushka sharma Virat Kohli wedding, Amitabh bachchan