ജീവിതത്തിലും സ്‌ക്രീനിലും മികച്ച ജോഡികളായിരുന്നു അമിതാ ബച്ചനും ജയയും. ഇവരുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമേതെന്ന് ചോദിച്ചാല്‍ അഭിമാന്‍ എന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ജയക്ക് മികച്ച നടിക്കും എസ്.ഡി. ബര്‍മന് മികച്ച സംഗീത സംവിധായകനുമുള്ള ഫിലിം ഫെയര്‍  പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത ചിത്രം.

1973ല്‍ പുറത്തിറങ്ങി വന്‍ ഹിറ്റായ ഋഷികേശ് മുഖര്‍ജിയുടെ ചിത്രത്തിന്റെ പുതിയ പതിപ്പ് ഇറക്കാനുള്ള ആലോചനയിലായിരുന്നു അണിയറ ശില്‍പികള്‍. എന്നാല്‍, ഈ സ്വപ്നം യാഥാര്‍ഥ്യമാകാനുള്ള സാധ്യത ഇല്ലാതായി എന്നാണ് സൂചന. കാരണം മറ്റൊന്നുമല്ല. ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിക്കാനാവില്ലെന്ന് ബച്ചന്റെ ജയയുടെയും മകന്‍ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യയും അറിയിച്ചതാണ് റിപ്പോര്‍ട്ട്. ബച്ചന്റെ സുബിര്‍ കുമാറിനെ മകന്‍ അഭിഷേകും ജയ ചെയ്ത ഉമാകുമാരിയെ മരുമകകള്‍ ഐശ്വര്യയുമായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്.

അഭിമാന്‍ ഒരു അസാധാരണമായ ചിത്രമായിരുന്നു. അച്ഛനും അമ്മയും ഒന്നിച്ച് അഭിനയിച്ചതില്‍ ഏറ്റവും അധികം പ്രത്യേകതകള്‍ നിറഞ്ഞത്. എന്റെ പ്രിയപ്പെട്ട ചിത്രം കൂടിയായിരുന്നു അത്. അതുകൊണ്ടു തന്നെ അതിന്റെ റീമേക്കില്‍ അഭിനയിക്കുക എന്നത് വിഷമകരമായ കാര്യമാണ്-അഭിഷേക് പറഞ്ഞു.

ഞാനും ഐശ്വര്യയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ റീമക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഞങ്ങളും കേട്ടിരുന്നു. എന്നാല്‍, മനോഹരമായൊരു ചിത്രമായതിനാല്‍ അത് തൊടേണ്ട എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. ചില ചിത്രങ്ങളെ നമ്മള്‍ അങ്ങിനെ വെറുതെ വിടണം. നമ്മുക്ക് അത് പുന:സൃഷ്ടിക്കാന്‍ കഴിയില്ല. നമുക്ക് സ്പര്‍ശിക്കാനാവാത്ത ഒരു മാജിക്ക് അതിലുണ്ട്. അതുകൊണ്ട് ഇപ്പോള്‍ അങ്ങിനെ ഒരു പദ്ധതിയും ഞങ്ങളുടെ മനസ്സിലില്ല-അഭിഷേക് പറഞ്ഞു.

മണിരത്നത്തിന്റെ രാവണാണ് അഭിഷേകും ഐശ്വര്യയും അവസാനമായി ഒന്നിച്ച് അഭിനയിച്ച ചിത്രം.

ഗായകനായ സുബിര്‍ കുമാറിന്റെയും ഭാര്യ ഉമയുടെയും കഥയാണ് ചിത്രം പറയുന്നത്. സുബി ഒരിക്കല്‍ ഗ്രാമീണ പെണ്‍കൊടിയായ ഉമയെ കണ്ടുമുട്ടുന്നു. അവര്‍ പിന്നീട് പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവകയും ചെയ്യുന്നതാണ് ഋഷികേശ് മുഖര്‍ജിയുടെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന അഭിമാന്റെ കഥ.  ക്രമേണ സുബിറിന്റെ പ്രശസ്തി കുറയുകയും ഭാര്യ കൂടുതല്‍ പ്രശസ്തയാവുകയും ചെയ്തു. ഇതോടെ ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. പിന്നീട് അകന്നുപോയവര്‍ ഒടുവില്‍ വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ അടുക്കുന്നതാണ് കഥാതന്തു.

തേരെ മെരെ മിലന് കി യെ റൈന, നദിയേ കിനാരെ, തേരി ബിന്ധിയാ രേ എന്നീ നിത്യഹരിത മെലഡിളായിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.