ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2007 ലാണ്  ബച്ചന്‍ കുടുംബത്തിന്റെ മുംബൈയിലെ വസതിയില്‍ നടന്ന ചടങ്ങില്‍ ഇവര്‍ വിവാഹിതരായത്. വിവാഹജീവിതത്തിന്റെ പതിനാലാം വാര്‍ഷികം ആഘോഷിക്കുകയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതിമാരായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും.

ഇരുവരും ഒന്നിച്ച ഗുരു എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ റിലീസിന് ശേഷമാണ് ഐശ്വര്യയോട് അഭിഷേക് പ്രണയാഭ്യര്‍ഥന നടത്തുന്നത്. അതും ന്യൂയോര്‍ക്കിലെ ഹോട്ടല്‍ മുറിയിലെ ബാല്‍ക്കണിയില്‍ വച്ച്. സിനിമകളില്‍ കാണുന്ന പോലെ മുട്ട്കുത്തി നിന്ന്... നാടകീയമായിട്ടായിരുന്നു ആ പ്രണയാഭ്യര്‍ഥനയെന്ന് ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

ജോധ അക്ബര്‍ എന്ന സിനിമയുടെ സെറ്റിലേക്കാണ് പിന്നീട് താന്‍ പോയതെന്ന് പറയുന്ന ഐശ്വര്യ അവിടെ തന്നെ ഒരു വധുവായാണ് സ്വീകരിച്ചതെന്നും പറയുന്നു. അവിടെ നടക്കുന്നതൊക്കെ സത്യമാണോ അതോ തോന്നലാണോ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു താനെന്നാണ് ഐശ്വര്യ പറയുന്നത്. 

ജോധ അക്ബറിലെ ഖ്വാജാ എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ ഒരു വധുവായാണ് ഐശ്വര്യ എത്തുന്നത്. 'ആ രംഗം ചിത്രീകരിച്ചത് വിചിത്രമായ അനുഭവമായിരുന്നു. ആ ഗാനം ചിത്രീകരിക്കുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു... ദൈവമേ ഇത് സ്വപ്നമാണോ?  സിനിമയ്ക്കകത്ത് നടക്കുന്നത് തന്നെ വെള്ളിത്തിരയ്ക്ക് പുറത്തും നടക്കുന്നു. ഇത് ശരിക്കും വിചിത്രം തന്നെ.'-ഐശ്വര്യ പറഞ്ഞു.

ഐശ്വര്യയുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയെക്കുറിച്ച് അഭിഷേക് ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താന്‍ പ്രൊഡക്ഷന്‍ ബോയ് ആയി ജോലി നോക്കിയിരുന്ന സമയത്ത് പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ കണ്ടെത്താന്‍ സ്വിറ്റ്‌സര്‍ലന്റില്‍ പോയ സമയത്തായിരുന്നു ആ കൂടിക്കാഴ്ച്ചയെന്ന് അഭിഷേക് ഓര്‍ക്കുന്നു. അഭിഷേകിന്റെ ബാല്യകാല സുഹൃത്തും നടനുമായ ബോബി ഡിയോള്‍ തന്റെ ആദ്യ ചിത്രമായ ഓര്‍ പ്യാര്‍ ഹോ ഗയയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആ സമയത്ത് അവിടെയുണ്ടായിരുന്നു. ഐശ്വര്യയായിരുന്നു ചിത്രത്തിലെ നായിക. അന്ന് ബോബിയുടെ ക്ഷണപ്രകാരം ഷൂട്ടിങ്ങ് സെറ്റില്‍ ചെന്നപ്പോഴാണ് ഐശ്വര്യയെ ആദ്യമായി കണ്ടുമുട്ടിയതെന്ന് അഭിഷേക് പറയുന്നു. തനിക്ക് ആ സമയം മുതലേ ഐശ്വര്യയോട് ഒരു ആകര്‍ഷണം തോന്നിയിരുന്നുവെന്നും അഭിഷേക് വ്യക്തമാക്കുന്നു.

Content Highlights: Aishwarya Rai Abhishek Bachchan  Love story, wedding anniversary