ണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയില്‍ ചുവട് വയ്ക്കുന്നത്. പക്ഷേ ആഷിക് അബു സംവിധാനം ചെയ്ത മായാനദി പുറത്തിറങ്ങിയപ്പോഴാണ് ഐശ്വര്യ പ്രേക്ഷകരെ ഞെട്ടിച്ചത്. മായാനദിയിലെ അപര്‍ണ എന്ന സിനിമാമോഹിയായ പെണ്‍കുട്ടിയുടെ വേഷം ഐശ്വര്യയുടെ കയ്യില്‍ ഭദ്രമായിരുന്നു. അവളെയും അവളുടെ പ്രണയത്തെയും സിനിമ കണ്ടവര്‍ വാഴ്ത്തുമ്പോള്‍ ഡോക്ടറാകാനുള്ള ഹൗസ് സര്‍ജന്‍സിയുടെ തിരക്കിലാണ് താരം. ഉപരിപഠനത്തിനായി ഈ വഴി തിരഞ്ഞെടുത്തപ്പോള്‍ തന്നെ മനസ്സുകൊണ്ട് എന്നേ ഡോക്ടറായി കഴിഞ്ഞു ഐശ്വര്യ. കപ്പ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് 'ഡോക്ടര്‍' ഐശ്വര്യ മനസ്സുതുറന്നത്. 

എനിക്ക് കൊച്ചു കുഞ്ഞുങ്ങള്‍ക്ക് വയ്യാതായിരിക്കുന്നത് കണ്ടാല്‍ സഹിക്കില്ല. കാരണം അവര്‍ക്ക് എന്താണ് ബുദ്ധിമുട്ടുള്ളതെന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയില്ല. അവര്‍ എന്തിനാണ് കരയുന്നതെന്ന് മനസ്സിലാവില്ല. കുഞ്ഞുങ്ങളെ എടുത്ത് നടന്നുനോക്കും. എല്ലാ ചെറിയ കാര്യത്തിനും സ്‌ട്രെസ് എടുക്കുന്ന ആളാണ് ഞാന്‍. സമയമോ സാഹചര്യമോ ഒന്നും നോക്കില്ല. ഞാന്‍ കരയും. അതോടെ ആ വിഷമം ഒഴിഞ്ഞുപോകും.

സിനിമയെ ഞാന്‍ ഒരു തൊഴിലായി സ്വീകരിച്ചിട്ടില്ലെന്നും അതുകൊണ്ട് നാളെ തന്നെ ആരും വിളിച്ചില്ലെങ്കില്‍ സങ്കടമില്ലെന്നും ഐശ്വര്യ വ്യക്തമാക്കി.

സിനിമ എന്നെ സംബന്ധിച്ച് ഒരു കരിയറല്ല. അതെന്റെ പാഷനാണ്. കാശിന് വേണ്ടി കഷ്ടപ്പെടേണ്ടി വരില്ല. എനിക്കൊരു ജോലിയുണ്ടാകും. മൂന്ന് നാല് സിനിമ കഴിഞ്ഞു ഇൻഡസ്ട്രിയില്‍ നിന്ന് പോകേണ്ടി വന്നാല്‍  പോകും. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ ജനങ്ങള്‍ ഓര്‍ത്തിരിക്കണം എന്ന് ആഗ്രഹമുണ്ട്. അതില്‍ കൂടുതല്‍ ഒന്നും ഇല്ല.

കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്ന കാലത്ത് തനിക്ക് അത്തരത്തില്‍ ഒരനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്ന് ഐശ്വര്യ വ്യക്തമാക്കുന്നു.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ ഒഡീഷന്‍ വഴി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പിന്നീട് അത് മായാനദിയിലേക്ക് വഴി തുറന്നു. സിനിമയില്‍ ഒരു ദുരനുഭവവും എനിക്കിതുവരെ നേരിടേണ്ടി വന്നിട്ടില്ല- ഐശ്വര്യ പറഞ്ഞു.