-
സംവിധായകൻ മണിരത്നത്തിന് ജന്മദിനാശംസകൾ നേർന്ന് നടി ഐശ്വര്യ ലക്ഷ്മി.താൻ പ്രണയവുമായും സിനിമയുമായും പ്രണയത്തിലാവാൻ കാരണം മണിരത്നമാണെന്ന് ഐശ്വര്യ പറയുന്നു.
"എന്റെ പ്രിയപ്പെട്ട മണി സാറിന് ജന്മദിനാശംസകൾ, പ്രണയവുമായും സിനിമയുമായും ഞാൻ പ്രണയത്തിലാവാൻ കാരണക്കാരൻ.
അദ്ദേഹത്തിന്റെ സെറ്റിലേക്ക് തിരിച്ചെത്താൻ കാത്തിരിക്കാനാവില്ല. അദ്ദേഹത്തെ ഒന്ന് കാണാൻ, അടുത്തുണ്ടാവാൻ, ഏയ് ബുദ്ധിശാലീസ് എന്ന വിളി കേൾക്കാൻ, അദ്ദേഹത്തിന്റെ ആ മാജിക്കിന് സാക്ഷ്യം വഹിക്കാൻ. അദ്ദേഹത്തിനായി പ്രാർഥിക്കുന്നു ഇന്നും എന്നും" ഐശ്വര്യ കുറിച്ചു.
മണിരത്നം സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം പൊന്നിയിൽ സെൽവത്തിൽ ഐശ്വര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, വിക്രം പ്രഭു, തൃഷ, ജയറാം, , അശ്വൻ കാകുമാനു, ശരത് കുമാർ, പ്രഭു, കിഷോർ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമായേക്കും.
മണിരത്നവും കുമാരവേലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയമോഹനാണ് സംഭാഷണം. സംഗീതം- എ.ആർ റഹ്മാൻ, ഛായാഗ്രഹണം- രവി വർമൻ, കലാസംവിധാനം- തോട്ടാ ധരണി, വസീം ഖാൻ, എഡിറ്റിങ്- ശ്രീകർ പ്രസാദ്, സംഘട്ടനം-ശ്യാം കൗശൽ, വസ്ത്രാലങ്കാരം- ഏക്ത ലഖാനി, നൃത്തസംവിധാനം- ബൃന്ദ മാസ്റ്റർ, പി.ആർ.ഒ- ജോൺസൺ. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ കൃതി. മണിരത്നത്തിന്റെ സ്വപ്നപദ്ധതിയാണ് ഈ ചിത്രം.
പൊന്നിയിൻ സെൽവനെ ആസ്പദമാക്കി 1958-ൽ എം.ജി.ആർ ചലച്ചിത്രം നിർമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. . 2012-ൽ ഈ സിനിമയുടെ ജോലി മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം പദ്ധതി നീണ്ടുപോയി.
2015-ൽ 32 മണിക്കൂർ ദൈർഘ്യമുള്ള ഒരു ആനിമേഷൻ ചിത്രം പൊന്നിയിൻ സെൽവന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിൻഡ മൂവി ടൂൺസ് എന്ന ആനിമേഷൻ സ്റ്റുഡിയോ എട്ട് വർഷം കൊണ്ടാണ് ചലച്ചിത്രം നിർമിച്ചത്.
Content Highlights : Aishwarya Lekshmi Birthday wishes To Maniratnam ponniyin Selvan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..