ഐശ്വര്യ ലക്ഷ്മി | ഫോട്ടോ: പി.പി. ബിനോജ് | മാതൃഭൂമി
മലയാളത്തിലും തമിഴിലും ഏറെ ശ്രദ്ധേയയായ താരമാണ് ഐശ്വര്യ ലക്ഷ്മി. കഴിഞ്ഞദിവസം നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഏറെ ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും വഴിയൊരുക്കി. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ആരാധകരുടെ സംശയങ്ങൾക്ക് അവർ ഉത്തരം നൽകിയത്.
തമിഴ്നാട്ടിലും കേരളത്തിലും ഏറെ ആരാധകരുള്ള നടൻ അർജുൻ ദാസിനൊപ്പമുള്ള ചിത്രമാണ് ഐശ്വര്യ ലക്ഷ്മി പോസ്റ്റ് ചെയ്തത്. കുറിപ്പിന്റെ സ്ഥാനത്ത് ഒരു ഹാർട്ട് ഇമോജിയാണ് പോസ്റ്റിലുള്ളത്. നടിയുടെ സുഹൃത്തുക്കളടക്കം ചിത്രത്തിന് ആശംസകളർപ്പിച്ച് എത്തിയതോടെയാണ് ഇരുവരുടേയും ആരാധകർ ആശയക്കുഴപ്പത്തിലായത്. രണ്ടുപേരും ഡേറ്റിങ്ങിലാണെന്നും ഉടൻ വിവാഹിതരാവും എന്നുവരെ വാർത്തകൾ പരന്നു.
ചർച്ചകൾ ചൂടേറിയതോടെയാണ് വിശദീകരണവുമായി ഐശ്വര്യ തന്നെ രംഗത്തെത്തിയത്. ഒരുമിച്ച് കാണാനിടയായപ്പോൾ ഒരു ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തതാണെന്നാണ് അവർ കുറിച്ചത്. തങ്ങൾ നല്ല സുഹൃത്തുക്കളാണ്. അർജുൻ നിങ്ങളുടേത് മാത്രമാണെന്ന് കഴിഞ്ഞദിവസം മുതൽ തനിക്ക് സന്ദേശങ്ങളയച്ചുകൊണ്ടിരിക്കുന്ന എല്ലാ അർജുൻ ആരാധകരോടുമായി പറയുന്നുവെന്നും ഐശ്വര്യ സ്റ്റോറിയിൽ പറഞ്ഞു.

കൈതി എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ് അർജുൻ ദാസ്. താരത്തിന്റെ ശബ്ദത്തിനും ആരാധകരേറെയാണ്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിക്രമിലാണ് അർജുൻ ദാസ് ഒടുവിലെത്തിയത്. വസന്ത ബാലന്റെ സംവിധാനത്തിലൊരുങ്ങുന്ന അനീതിയാണ് അർജുൻ ദാസ് നായകനായി വരാനിരിക്കുന്ന ചിത്രം. ഗാട്ടാ ഗുസ്തിയാണ് ഐശ്വര്യ ലക്ഷ്മിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടി നായകനാവുന്ന ക്രിസ്റ്റഫറാണ് ഐശ്വര്യയുടേതായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം.
Content Highlights: aishwarya lekshmi about her photo with arjun das, aishwarya lekshmi's instagram post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..