ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന വരത്തനാണ് ഐശ്വര്യയുടെ പുതിയ ചിത്രം. ഫഹദ് ആണ് നായകനെന്ന് കേട്ടപ്പോള്‍ കഥ കേള്‍ക്കാതെ തന്നെ താന്‍ വരത്തനില്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നുവെന്നും അമല്‍ നീരദിന് തന്നിലുള്ള വിശ്വാസത്തിന്റെ പേരിലാണ് ചിത്രത്തിലേക്ക് എത്തിയതെന്നുമാണ് ഐശ്വര്യ പറയുന്നത്.

ഫഹദാണ് ചിത്രത്തിലെ നായകന്‍ എന്ന് കേട്ടപ്പോള്‍ ഫഹദ് ഓകെ പറഞ്ഞ പ്രൊജക്റ്റാണെങ്കില്‍ പിന്നെ എന്തിന് കഥ കേള്‍ക്കണം എന്നാണ് അമല്‍ നീരദിനോട് ചോദിച്ചതെന്നാണ് ഐശ്വര്യ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ്സു തുറന്നത്.

'ക്ഷമ പറഞ്ഞു കൊണ്ടാണ് അമല്‍ നീരദ് കഥ പറഞ്ഞു തുടങ്ങിയത്. കഥ പറച്ചിലില്‍ ഞാനത്ര മിടുക്കനല്ല, എന്നെ കൊണ്ടു കഴിയുന്ന രീതിയില്‍ കഥ പറയാന്‍  ശ്രമിക്കാം, എന്നായിരുന്നു അമലിന്റെ ആദ്യ ഡയലോഗ്. തുടര്‍ന്നാണ് ഫഹദാണ് ചിത്രത്തിലെ ഹീറോ എന്നകാര്യം പറയുന്നത്. ഫഹദ് ഓകെ പറഞ്ഞ പ്രൊജക്റ്റ് ആണെങ്കില്‍  പിന്നെ ഞാനെന്തിന് കഥ കേള്‍ക്കണം?

അമല്‍  കഥ പറഞ്ഞു പൂര്‍ത്തിയാക്കിയപ്പോള്‍  കഥയില്‍  ഞാനും ഇംപ്രെസ്ഡ് ആയി. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍  എനിക്കാവുമെന്ന വിശ്വാസം അമലിനുണ്ടെങ്കില്‍  ഞാന്‍  ഓകെ ആണ് എന്ന് പറഞ്ഞു. സിനിമയ്ക്കു വേണ്ട പെര്‍ഫോമന്‍സ് എന്നില്‍  നിന്നും എടുക്കാന്‍ കഴിയും എന്നായിരുന്നു അമലിന്റെ വിശ്വാസം. അമലിന്റെ ആ വിശ്വാസമാണ്, വരത്തനിലെ പ്രിയ ആകാന്‍ എനിക്ക് ആത്മവിശ്വാസം നല്‍കിയത്'. ഐശ്വര്യ പറയുന്നു.

ഈ മാസം 20 നാണ് വരത്തന്‍ തിയ്യറ്ററില്‍  എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. നസ്രിയയും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നസ്രിയ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുമുണ്ട്. 

Content Highlights : aishwarya lakshmi fahad faasil varathan movie Amal neerad Nazriya Nazim Aiswarya fahad varathan