മുംബൈ: കോവിഡ് സ്ഥിരീകരിച്ച ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയും വീട്ടിൽ ക്വാറന്റീനിൽ കഴിയും. അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഐശ്വര്യയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അഭിഷേകിന്റെ ട്വീറ്റ്. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ ഇരുവരുടെയും ആരോഗ്യനിലയിലെ പുരോഗതി വിലയിരുത്തുമെന്നും ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുമെന്നും അഭിഷേക് ട്വീറ്റ് ചെയ്തു.

തന്റെ അമ്മ ഉൾപ്പെടെ കുടുംബത്തിലെ മറ്റുള്ളവരുടെ ഫലം നെഗറ്റീവാണെന്നും ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് താനും അച്ഛനും ആശുപത്രിയിൽ ചികിത്സയിൽ തുടരുമെന്നും അഭിഷേക് വ്യക്തമാക്കി. എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി അറിയിക്കുന്നുവെന്നും അഭിഷേക് ട്വിറ്ററിൽ കുറിച്ചു.

കുടുംബത്തിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ബച്ചൻ തന്നെയാണ് ട്വീറ്ററിലൂടെ പങ്കുവെച്ചത്. താനുമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയ എല്ലാവരും പരിശോധന നടത്തണമെന്ന് ബച്ചൻ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നത്.

മുംബൈ നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ചികിത്സയിൽ കഴിയുന്നത്.

content highlights : aishwarya and aaradhya will be self quarantined at home, ahishek and bachchan in hospital