ചികിത്സ കിട്ടാതെ മരിച്ച സ്വന്തം പിതാവിന്‍റെ ദുരനുഭവം പങ്കിട്ട് യുവസംവിധായിക ഐഷ സുല്‍ത്താന. ലക്ഷദ്വീപില്‍ ആധുനിക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മിഷനും ഐഷ സുല്‍ത്താന നിവേദനം സമര്‍പ്പിച്ചു.

ഐഷ സുല്‍ത്താനയുടെ നിവേദനം

സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നാക്കം നില്‍ക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ ജീവിക്കുന്ന ലക്ഷദ്വീപ് ഇപ്പോള്‍ അതീവ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയാണ്. ദ്വീപുകളില്‍ ആധുനിക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച നിവേദനത്തില്‍ യുവസംവിധായിക ഐഷ സുല്‍ത്താന ആവശ്യപ്പെട്ടു. കോവിഡ് -19 പോലെ അതീവ ഗുരുതരമായ വൈറസുകള്‍ പടരുന്ന സാഹചര്യത്തില്‍ പോലും അവയെ ചികിത്സ കൊണ്ടോ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയോ ലക്ഷദ്വീപ് നിവാസികള്‍ക്ക് തടഞ്ഞുനിര്‍ത്താനാവുന്നില്ല. എങ്കില്‍ തന്നെ ഇന്ത്യയില്‍ കോവിഡ് 19 ബാധിക്കാത്ത ഏക പ്രദേശം ലക്ഷദ്വീപാണെന്നു കൂടി സൂചിപ്പിക്കട്ടെ.  36 ദ്വീപുകളാണ് ലക്ഷദ്വീപിലുള്ളത്. അതില്‍ 10 ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. അതില്‍ മൂന്ന് ദ്വീപുകളില്‍ മാത്രമാണ് ഇപ്പോള്‍ പരിമിതമായ സൗകര്യങ്ങളോടെ ആശുപത്രികള്‍ ഉള്ളത്. എന്നാല്‍ ഈ ആശുപത്രികളിലേക്ക് എത്തിച്ചേരാന്‍ വളരെയധികം പ്രയാസമാണ്. മണ്‍സൂണ്‍ സമയങ്ങളില്‍ രോഗികളുമായി ഇവിടേയ്ക്ക് എത്തുക ലക്ഷദ്വീപ് നിവാസികളെ സംബന്ധിച്ച് മഹാദുരിതം തന്നെയാണ്. എല്ലാ ദ്വീപുകളിലും ചികിത്സാ സംവിധാനം ഒരുക്കുകയാണ് അടിസ്ഥാന ആവശ്യം. കൂടാതെ യാത്രാസൗകര്യങ്ങളും.  

അടിയന്തിരമായി ലക്ഷദ്വീപില്‍  ആധുനിക സൗകര്യമുള്ള ആശുപത്രികള്‍ ഒരുക്കുക, മികച്ച ഡോക്ടര്‍മാരെ നിയമിക്കുക, പ്രാപ്തരും കാര്യശേഷിയുമുള്ള നഴ്സുമാര്‍, മറ്റ് ആരോഗ്യ വകുപ്പ് ജീവനക്കാരെ നിയമിക്കുക, ദ്വീപ് നിവാസികള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ആരോഗ്യ മേഖലയിലെ ദുരിതം തീര്‍ക്കാന്‍ അടിയന്തിരമായി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടേ തീരൂ. വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ഇടപെടണം. മികച്ച ചികിത്സ കിട്ടാതെ നൂറ് കണക്കിന് പേര്‍ക്കാണ് ലക്ഷദ്വീപില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ എന്‍റെ പിതാവിന് യഥാസമയത്ത് ലക്ഷദ്വീപിലെ ആശുപത്രിയില്‍ വെച്ച് രോഗം തിരിച്ചറിയാനും ചികിത്സ നല്‍കാനും കഴിയാതിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ ജീവന്‍ നഷ്ടപ്പെട്ടു. 

ഹൃദയാഘാതം വന്ന എന്‍റെ പിതാവിന് 24 മണിക്കൂറിനകം നല്‍കേണ്ട ചികിത്സ നല്‍കാന്‍ ലക്ഷദ്വീപിലെ ആശുപത്രികള്‍ക്ക് സാധിച്ചില്ല. കൊച്ചിയില്‍ ലിസി ആശുപത്രിയില്‍ എത്തിച്ചാണ് വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ കഴിഞ്ഞത്. എന്നാല്‍ താമസിയാതെ അദ്ദേഹം മരണപ്പെട്ടു. യഥാസമയത്ത് ലക്ഷദ്വീപില്‍നിന്ന് ചികിത്സ കിട്ടിയിരുന്നെങ്കില്‍ എന്‍റെ പിതാവിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നു. അങ്ങനെ വ്യക്തിപരമായും സാമൂഹ്യപരമായും ഞാന്‍ ലക്ഷദ്വീപിലെ ആരോഗ്യമേഖലയില്‍ ആശങ്കയും സങ്കടവും അറിയിക്കുകയാണ്.  ഒരു സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരിയെന്ന  നിലയില്‍ ലക്ഷദ്വീപിലെ പ്രശ്നങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നതാണ്. എന്‍റെ നാടിന്‍റെയും നാട്ടുകാരുടെയും ദുരിതങ്ങള്‍ എത്രയും വേഗം പരിഹരിച്ച് കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഒട്ടേറെ സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച ഐഷ സുല്‍ത്താന നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.  ലക്ഷദ്വീപിന്‍റെ സാമൂഹിക ജീവിതം ചൂണ്ടിക്കാണിക്കുന്ന  'ഫ്ളഷ്' എന്ന ചിത്രം  ഐഷ സുല്‍ത്താന സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.

Content Highlights: Aisha Sulthana assistant director heart breaking experience losing father, Lakshadweep health care issue