സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് നടത്തിയ വാര്‍ത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ സിനിമാമേഖലയിലെ അസമത്വത്തെക്കുറിച്ചും അനീതിയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഈ അവസരത്തില്‍ വ്യത്യസ്തമായ നിലപാടുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധാന സഹായിയായ ഐഷ സൂല്‍ത്താന. പത്ത് വര്‍ഷത്തോളമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് മോശം അനുഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് പറയുകയാണിവര്‍. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ എല്ലാവരോടും മാന്യമായാണ് പെരുമാറാറുള്ളതെന്നും നമ്മള്‍ മറ്റുള്ളവരോട് എങ്ങനെയാണ് പെരുമാറുക അതാണ് തിരിച്ചു കിട്ടുകയെന്നും സുല്‍ത്താന പറയുന്നു. 


ഐഷ സൂല്‍ത്താനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

എനിക്ക് ചിലത് പറയാനുണ്ട്, 

ഞാന്‍ 2008 ല്‍ ആണ് ലക്ഷദ്വീപില്‍ നിന്നും കേരളത്തില്‍ എത്തുന്നത് അന്ന് മുതല്‍ ഞാന്‍ ചാനലുകളില്‍ വര്‍ക് ചെയ്തത് തുടങ്ങി. ആര്‍.ജെ, വി.ജെ, മോഡലിങ്, ആക്ടിങ്, പ്രോഗ്രം പ്രൊഡ്യൂസര്‍  പിന്നെ സ്വന്തമായി ഒരു അഡ്വടേസിങ് ഫേം കൂടി ഓപ്പണ്‍ ചെയ്തു. അതിനു ശേഷമാണ് ഞാന്‍ അസിസ്റ്റന്റ് ഡയറക്റ്റ്ര്‍ ആയ് ജോലി ചെയ്യാന്‍ തുടങ്ങിയത്.  ഈ 2008 മുതല്‍ ഈ ദിവസം വരെ രാത്രിയും പകലും ഞാന്‍ വര്‍ക് ചെയ്തിരുന്നത് ആണുങ്ങളുടെ കൂടെ ആണ്. എന്റെ ഓഫിലെ സ്റ്റാഫ് എല്ലാം തന്നെ ആണുങ്ങള്‍ ആയിരുന്നു. ഇപ്പോഴും ഞാന്‍ വര്‍ക് ചെയ്യുന്നത് ഡയറക്ഷന്‍ ഡിപാര്‍മെന്റ്ല്‍ ആണ്. ഒട്ടുമുക്കാല്‍ ദിവസങ്ങളിലും ഡേ നെറ്റ്  ഷൂട്ടില്‍ ഞാന്‍ മാത്രമായിരിക്കും ഒരു പെണ്‍കുട്ടി ആ ലൊക്കേഷനില്‍ ഉണ്ടാവുന്നത്. ഇത് ഇത്രയും ഞാന്‍ ആദ്യമേ പറഞ്ഞത് ഇനി കാര്യത്തിലേക്ക് കടക്കാം. രണ്ട് പെണ്‍കുട്ടികള്‍ സഹ സംവിധാനം ചെയ്യാന്‍ ചെന്നപ്പോള്‍ ലോക്കേഷനില്‍ വെച്ച് അവര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായി എന്നും പറഞ്ഞു വാര്‍ത്തകള്‍ കണ്ടിരുന്നു.

ചേച്ചിമാരെ അനിയത്തിമ്മാരെ പുതിയ സഹ സംവിധായികമാരെ, നിങ്ങളെ പോലെ തന്നെ ഒരു പെണ്‍കുട്ടിയാണ് ഞാനും, ഇന്നുവരെ എനിക്ക് ഒരു ദുരനുഭവം പോലും ലൊക്കേഷനില്‍ ഉണ്ടായിട്ടില്ല. ഇതേ ആണുങ്ങളുടെ കൂടെയാ ഞാനും വര്‍ക് ചെയ്യുന്നത്, ഞാന്‍ വര്‍ക് ചെയ്ത സിനിമാകളിലെ ഡയറക്ട്‌ടേസ് എന്നെ റസ്‌പെക്ട്‌ടോടെ കൂടി ആണ് ഇത്രവരെ എന്നോട് പെരുമാറിയത്, കൂടെ വര്‍ക് ചെയ്യുന്ന അസിസ്റ്റ്ന്റ് അസോസിയേറ്റ് ഒക്കെ വളരെ നല്ല രീതിയില്‍ ആണ് പെരുമാറുന്നത്. ഈ സഹ സംവിധായിക പറഞ്ഞപോലെ പ്രശ്‌നക്കാരു ആണ് ഇക്കൂട്ടര്‍ എങ്കില്‍ ഒരു ലൊക്കേഷനില്‍ വെച്ചെങ്കിലും എനിക്കും ഒരു ദുരനുഭവം വന്നേനെ അല്ലേ? 

ലാല്‍ജോസ് സാറിന്റെ ലൊക്കേഷനില്‍ സാറിന്റെ അസിസ്റ്റന്റിനെ സാര്‍ എന്നും ഇപ്പോഴും കൂടെ ചേര്‍ത്തുനിര്‍ത്തിട്ടെ ഉള്ളൂ ആണിനേയും പെണ്ണിനേയും തുല്യമായിട്ടേ സാര്‍ കണ്ടിട്ടുള്ളൂ,...

സേതു സാറിന്റെ ലൊക്കേഷനില്‍ ഒരുപാട് റസ്‌പെക്ട്ടോടെ ആണ് സാര്‍ എന്നോട് സംസാരിച്ചിരുന്നത്, പെരുമാറിയിരുന്നത്...

ശരത് സാറിന്റെ ലൊക്കേഷനില്‍ ഹോസ്പിറ്റാലിറ്റി അത്രയും കൂടുതല്‍ ആയിരുന്നു...

വെളിപാടിന്റെ പുസ്തകം ചെയ്യുമ്പോള്‍ ഞാന്‍ ക്രൗഡ് കണ്‍ട്രോള്‍ ചെയ്യുന്നത് കണ്ടിട്ട് എന്നോട് ലാലേട്ടന്‍ ചോദിച്ചു നീ എവിടെയാ പഠിപ്പിച്ചത് എന്ന്, ഞാന്‍ പറഞ്ഞു ട്രിവാന്‍ഡ്രം യൂണിവേഴ്‌സിറ്റി കോളേജില്‍ ആണെന്ന്. 'അതാണ്' എന്ന് ലാലേട്ടന്‍ പറഞ്ഞു, കൂടാതെ, വര്‍ക്ക് ചെയ്യാനുള്ള ഈ സ്പിരിറ്റ് നിന്നില്‍ ഇപ്പോഴും ഉണ്ടാവണം എന്നുകൂടി കൂട്ടി ചേര്‍ത്തു... പ്രസന്നാ മാസ്റ്റര്‍ തമാശയ്ക്ക് ഐഷക്ക് അഭിനയിച്ചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ ലാലേട്ടന്‍ കൊടുത്ത മറുപടി 'എന്തിനാ? അവള്‍ ചെയ്യുന്ന ജോലി ഭംഗിയില്‍ ചെയ്യുന്നുണ്ട് അത് മതി' എന്ന് ലാലേട്ടന്‍ പറയുമ്പോള്‍ എനിക്ക് അവാര്‍ഡ് കിട്ടിയ പ്രതീതി ആയിരുന്നു...

ഒരിക്കല്‍ മമ്മൂക്ക കേള്‍ക്കെ പ്രായത്തിനു മൂത്തൊരാള്‍ എന്നെ 'എടി നീ പോയി ആ സാധനം എടുത്തോണ്ട് വന്നെ' എന്ന് പറഞ്ഞു, എന്നെ 'എടി നീ' എന്ന് വിളിച്ചതിന് ആ വ്യക്തിയെ മമ്മൂക്ക ഉടനെ വിളിച്ചിട്ട്, സഹോദരാ ഐഷയെ പേരുപറഞ്ഞ് വിളിക്കു ഇല്ലേല്‍ മോളെന്നു വിളിക്ക് റെസ്പക്ടട് വിമണ്‍ എന്ന് പറയുന്നത് ഞാന്‍ കേട്ടതാണ്... 

ഒരുദിവസം ഞാന്‍ ലൊക്കേഷനില്‍ പോവാതിരുന്നപ്പോള്‍ പിറ്റേനാള്‍ ലൊക്കേഷനില്‍ എത്തിയ എന്നെ മമ്മുക്ക വിളിച്ചിട്ട് എന്താണ് ഇന്നലെ വരാതിരുന്നത് എന്ന് ചോദിച്ചു 'ഇന്നലെ കൂറെ അധികം വൈയിലു കൊണ്ടപ്പോള്‍ ക്ഷീണം തോന്നിയിട്ട് റെസ്റ്റ് എടുത്തതെന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ 'നിന്നെ ഇവിടെ ആരും പെണ്ണായിട്ട് കാണുന്നില്ല അത്‌കൊണ്ട് എത്ര വൈയില്‍ ആയാലും മഴ ആയാലും ആണുങ്ങള്‍ പണിയെടുക്കുന്ന പോലെ നീയും പണിയെടുക്കണം' എന്നാണ് മമ്മുക്ക പറഞ്ഞത്.  ഇതും എനിക്ക് കിട്ടിയൊരു അവാര്‍ഡ് ആണ് മമ്മുക്കയുടെ ഈ വാക്കുകള്‍. മടിയത്തി ആകാതിരികാന്‍ പണിയെടുക്കാന്‍ പ്രേരിപ്പിച്ചയാളാണ് മമ്മുക്ക....

മോള്‍ എന്നെ വാപ്പച്ചി എന്ന് വിളിക്ക് എന്ന് പറഞ്ഞ വ്യക്തിയാണ് നടന്‍ സിദ്ദിഖ് (എന്റെ വാപ്പച്ചി)

ഇനി ഒപ്പം വര്‍ക് ചെയ്ത അസിസ്റ്റ്ന്റ് അസോസിയേറ്റ് ഇവരില്‍ നിന്നൊന്നും ഇന്നുവരെയും ഒരു നോട്ടം കൊണ്ട് പോലും എനിക്ക് ഒരു അസ്വസ്ഥതയും ഇത് വരെ ഉണ്ടായിട്ടില്ല യൂണിറ്റിലെ ചേട്ടന്മാര്‍ പോലും നെറ്റ് ഷൂട്ട് സമയത്ത് എന്നെ പ്രോടെക്റ്റ് ചെയ്തിട്ടെയുള്ളു...

ഇത് എന്റെ അനുഭവം ആണ്...  ഞാന്‍ മനസ്സിലാക്കിയ ഒരു സത്യം നമ്മള്‍ എന്ത് എങ്ങനെ പെരുമാറുന്നു എന്നത് പോലെ ഇരിക്കും തിരിച്ചുള്ള ആളുകളുടെ പെരുമാറ്റം. ആ സഹോദരി പറഞ്ഞൊരു കാര്യം വീട്ടില്‍ നിന്ന് എന്ത് വിശ്വസിച്ചാണ് സിനിമയില്‍ സഹസംവിധായിക ആവാന്‍ ഇറങ്ങാന്‍ സാധിക്കുക. ഇങ്ങനെ ഇത്രയും മോശമായിട്ടല്ലെ ആണുങ്ങള്‍ പെരുമാറുന്നതെന്ന്:

ഇതിന് ഒരു സഹ സംവിധായിക ആയ ഞാന്‍ സഹോദരിക് തരുന്ന മറുപടി: ആറ്റിറ്റിയൂഡ്, ബിഹേവിയര്‍, സെല്‍ഫ് റെസ്പക്ട്, ഡെഡിക്കേഷന്‍, ഇത് നാലും നമ്മളില്‍ കറക്റ്റ് ആകിയാല്‍ നമ്മള്‍ക്ക് എവിടെയും റെസ്പക്ട്  കിട്ടും... ഇത് എന്റെ അനുഭവം കൊണ്ട് പറയുന്നതാണ്..