അയിഷ സുൽത്താന | ഫോട്ടോ: www.facebook.com/AishaOnAir
താൻ സംവിധാനം ചെയ്ത ഫ്ളഷ് എന്ന ചിത്രത്തിന്റെ നിർമാതാവ് ബീനാ കാസിമിനെതിരെ രൂക്ഷമായ വിമർശനവുമായി സംവിധായിക അയിഷ സുൽത്താന. ഫ്ളഷ് എന്ന ചിത്രം റിലീസ് ചെയ്യാൻ സാധിക്കാത്തതിന് പിന്നിൽ നിർമാതാവ് തന്നെയാണെന്ന് അയിഷ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന് എതിരെ സംസാരിച്ച സിനിമ താനൊരിക്കലും റിലീസ് ചെയ്യില്ലെന്ന് നിർമാതാവ് മുഖത്തുനോക്കി പറഞ്ഞെന്നാണ് അയിഷയുടെ ആരോപണം.
നിർമാതാവ് സ്വന്തം രാഷ്ട്രീയ ലാഭത്തിനുവേണ്ടി തന്നെയും തന്റെ നാടിനെയും കുറിച്ച് തുറന്നുപറഞ്ഞ സിനിമയേയും ഒറ്റിക്കൊടുക്കുകയായിരുന്നു. സെൻസർ കിട്ടിയിട്ട് ഒന്നരവർഷമായിട്ടും, ഒരു പാട്ടും ട്രെയിലറും റിലീസ് ചെയ്തിട്ടും നിർമാതാവ് സിനിമ പെട്ടിയിൽ വെച്ചിരിക്കുകയാണെന്ന് അയിഷ പറഞ്ഞു.
"കോഴിക്കോട് സുഖമായി ജീവിക്കുന്ന പ്രൊഡ്യൂസർക്ക് ലക്ഷദ്വീപിൽ സംഭവിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ഇത്തിരി കൂടുതൽ വിശ്വാസക്കുറവ് ഉണ്ടാവും. കാരണം ഈ പ്രൊഡ്യൂസറിന്റെ ഹസ്ബൻഡ് ബിജെപി ജനറൽ സെക്രട്ടറി ആണല്ലോ, അപ്പൊ പിന്നെയത് സ്വാഭാവികം... നിങ്ങളൊക്കെ ചേർന്ന് ഞങ്ങൾ ദ്വീപുകാരെ ഇഞ്ചിഞ്ചായി കൊല്ലുവാണെന്ന് ഓർക്കുമ്പോൾ... നിങ്ങളെന്ന പ്രൊഡ്യൂസറിനോട് എനിക്ക് പുച്ഛം തോന്നുന്നു." അയിഷ എഴുതി.
"നിങ്ങളീ സിനിമ റിലീസ് ചെയ്യാൻ സമ്മതിക്കില്ല എങ്കിൽ ഞാനത് എന്റെ വഴിയിൽ കൂടി യൂട്യൂബിലെങ്കിലും റിലീസ് ചെയ്യും, ജനം അറിയട്ടെ യഥാർത്ഥ ലക്ഷദ്വീപ് സ്റ്റോറി എന്തെന്ന്. ഞാൻ യൂട്യൂബിൽ റിലീസ് ചെയ്‌താൽ നിങ്ങൾ കേസ് കൊടുക്കുമെന്ന് പറഞ്ഞല്ലോ, കൊണ്ടുപോയി കൊടുക്ക് നിങ്ങളുടെ കേസ്. 124(A) രാജ്യദ്രോഹ കുറ്റത്തെക്കാളും വലിയ കേസ് എനിക്കിനി നേരിടേണ്ടി വരില്ല. അത് കൊണ്ട് കേസും കാണിച്ച് ഭയപ്പെടുത്താൻ നിൽക്കണ്ട. എന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തേ തടയാൻ ഒരൊറ്റ ഷൂ നക്കികളെ കൊണ്ടും സാധിക്കില്ല." അയിഷ സുൽത്താന കൂട്ടിച്ചേർത്തു.
Content Highlights: aisha sultana facebook post, aisha sultana movie, flush movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..