രജനീകാന്തിന്റെ പുതിയ ചിത്രമായ കബാലിയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയായ എയര്‍ ഏഷ്യ പ്രത്യേക കബാലി വിമാനം പുറത്തിറക്കി. കബാലി ലുക്കിലുള്ള സ്റ്റൈല്‍ മന്നന്റെ ചിത്രങ്ങള്‍ പതിച്ചതാണ് വിമാനം. ചിത്രത്തിനും താരത്തിന്റെ ആരാധകര്‍ക്കുമായാണ് വിമാനം സമര്‍പ്പിച്ചിരിക്കുന്നത്.
രജനീകാന്ത് ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ചാണ് പ്രത്യേക വിമാനം സജ്ജീകരിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. 'ലോകത്തിലെ എല്ലാ രജനീ ആരാധകര്‍ക്കുമായാണ് വിമാനം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഒരേയൊരു സൂപ്പര്‍സ്റ്റാറിന് എയര്‍ ഏഷ്യ ഒരുക്കുന്ന ആദരമാണിത്.' എയര്‍ ഏഷ്യ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമര്‍ അബ്രോള്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിമാനക്കമ്പനി ഒരു സിനിമയ്ക്കായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നതെന്ന് കബാലിയുടെ നിര്‍മാതാവായ കലൈപുലി എസ് താണു പ്രതികരിച്ചു.
കബാലിയെക്കുറിച്ച് ആരാധകരുടെ ഭാഗത്തുനിന്നുമുണ്ടാവുന്ന പ്രതികരണങ്ങള്‍ വാക്കുകള്‍കൊണ്ട് പ്രകടിപ്പിക്കാനാവാത്തവിധം അതിശയമുണ്ടാക്കുന്നതാണ്. ചിത്രം ഇറങ്ങിയതിനുശേഷവും ഇതേ രീതിയിലുള്ള പിന്തുണ വേണമെന്നും നിര്‍മാതാവ് പറഞ്ഞു. ചിത്രത്തിന്റെ റിലീസിങ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. റിലീസിംഗ് ദിവസം രാവിലെ 6.10 ന് ബെംഗളൂരുവില്‍ നിന്നും തിരിക്കുന്ന പ്രത്യേക വിമാനം 7.10 ന് ചെന്നൈയിലെത്തും. വൈകിട്ട് ഏഴു മണിക്ക് ചെന്നൈയില്‍ നിന്നും തിരിച്ച് പുറപ്പെടുന്ന വിമാനം എട്ടുമണിക്ക് ബംഗളൂരുവിലിറങ്ങും. വിമാന ടിക്കറ്റ്, പ്രദര്‍ശനം കാണുന്നതിനുള്ള ടിക്കറ്റ്, ഭക്ഷണം, സ്നാക്സ് എന്നിവയടക്കം 7860 രൂപയാണ് ഇതിന് ചെലവു വരിക.
ചിത്രത്തിലെ ഏതാനും രംഗങ്ങളില്‍ എയര്‍ ഏഷ്യ വിമാനം ഉപയോഗിച്ചിട്ടുമുണ്ട്. ഇതാദ്യമായല്ല എയര്‍ ഏഷ്യ ഒരു ചിത്രത്തിന്റെ പ്രചരണത്തിന് രംഗത്തുവരുന്നത്. ത്രീ, സമര്‍, നേരം, മാന്‍ കരാട്ടേ എന്നീ ചിത്രങ്ങള്‍ക്കായാണ് ഇതേ വിമാനക്കമ്പനി ഇതിനുമുമ്പ് പ്രചാരണം നടത്തിയിട്ടുള്ളത്.