ചെന്നൈ: വിജയ് ചിത്രം 'സര്‍ക്കാരി'നെതിരേയുള്ള പ്രതിഷേധങ്ങളെ എതിര്‍ത്ത നടന്‍ രജനീകാന്തിന്റെ നിലപാടിനെ ചോദ്യംചെയ്ത് എ.ഐ.എ.ഡി.എം.കെ. മുഖപത്രമായ നമത് പുരട്ചിതലൈവി അമ്മയില്‍ ലേഖനം. 

സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിനെതിരേ പ്രതിഷേധിക്കാന്‍ പാടില്ലെന്ന രജനിയുടെ പ്രസ്താവനയെ ലേഖനത്തില്‍ പരിഹസിച്ചു. എല്ലാ സര്‍ട്ടിഫിക്കറ്റുകളും നേടി വിപണിയിലിറക്കിയ ഭക്ഷണസാധനത്തില്‍ പിന്നീട് പല്ലിവീണാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാണെന്നു പറഞ്ഞ് ഭക്ഷിക്കാന്‍ തയ്യാറാകുമോ? ഇതുതന്നെയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതിനേടിയ ചിത്രത്തില്‍ തെറ്റായ ദൃശ്യങ്ങളുണ്ടെങ്കില്‍ ചെയ്യുന്നതെന്നും ലേഖനത്തില്‍ വിശദീകരിച്ചു.

സംസ്ഥാനസര്‍ക്കാരിനെ മോശമായി ചിത്രീകരിച്ചുകൊണ്ട് ജനശ്രദ്ധനേടാന്‍ ആഗ്രഹിക്കുന്ന വിജയ്യുടെ വക്കാലത്ത് രജനീകാന്ത് ഏറ്റെടുത്തത് എന്തിനാണ്? സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെപേരില്‍ തെറ്റിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിനു പകരം 'സര്‍ക്കാര്‍' സംവിധായകന്‍ മുരുകദോസിനെ ഉപദേശിക്കുകയാണ് വേണ്ടത്.

സര്‍ക്കാരിന്റെ സൗജന്യം ചിത്രത്തിന്റെ നിര്‍മാതാക്കാളായ ഗുണ്ടാസഹോദരന്മാര്‍ക്ക് (മാരന്‍ സഹോദരന്മാര്‍) മോശമായി തോന്നും. എന്നാല്‍, പാവപ്പെട്ടവരായ ജനങ്ങള്‍ക്ക് വലിയ സഹായമാണിതെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു.