തിരുവനന്തപുരം മണ്ഡലത്തിലെ എൻഡി.എ സ്ഥാനാർഥിയും നടനുമായ കൃഷ്ണകുമാർ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളുടെ പേരിൽ പ്രചരിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് മകളും നടിയുമായ അഹാന. താൻ ബീഫ് കഴിക്കാറില്ലെന്നും ബീഫ് വീട്ടിൽ കയറ്റാറില്ലെന്നുമുള്ള കൃഷ്ണകുമാറിന്റെ അഭിപ്രായപ്രകടനത്തിന്റെ ചുവടുപിടിച്ചാണ് ട്രോളുകൾ പ്രചരിച്ചത്.

അഹാന മുമ്പൊരിക്കൽ പങ്കുവച്ച ബീഫ് വിഭവങ്ങളുടെ ചിത്രങ്ങളും ട്രോളന്മാർ ഏറ്റുപിടിച്ച് 'കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന' എന്ന രീതിയിലായി പിന്നത്തെ പ്രചരണം. ഇതിനോടാണ് ഇപ്പോൾ അഹാനയുടെ പ്രതികരണം.

വീട്ടിൽ ബീഫ് കയറ്റില്ലെന്ന് അച്ഛൻ പറഞ്ഞിട്ടില്ലെന്ന് അഹാന വ്യക്തമാക്കുന്നു. ശാരീരിക പ്രശ്നമുള്ളതു കൊണ്ട് പിന്നിയിറച്ചിയൊഴിച്ച് ബാക്കി എല്ലാം കഴിക്കാറുണ്ടെന്ന് കൃഷ്ണ കുമാർ പറയുന്ന വീഡിയോയുടെ ഭാഗവും അഹാന പങ്കുവെച്ചു. മീമുകളും വാർത്തകളും നല്ലതാണ് പക്ഷേ ഒരൽപം മര്യാദ വേണമെന്ന് അഹാന പറയുന്നു

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ബീഫ് വിഭവത്തെക്കുറിച്ചും അഹാന വിശദീകരിച്ചു. തന്റെ സിനിമയുടെ പ്രൊഡക്ഷൻ ടീമിലെ ഭക്ഷണമാണ് അതെന്നും അമ്മ ഉണ്ടാക്കിത്തന്ന ഭക്ഷണമല്ലെന്നും അഹാന വ്യക്തമാക്കി. താനും തന്റെ അച്ഛനും രണ്ട് വ്യക്തികളാണെന്നും വ്യത്യസ്തമായ അഭിപ്രായങ്ങൾ വെച്ചുപുലർത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്നും പറയുന്നു. എന്നാൽ കുറച്ചു കാലമായി താനെന്ത് പറഞ്ഞാലും അത് തന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു, തന്റെ അച്ഛന്റെ അഭിപ്രായം തന്റെ അഭിപ്രായം ആക്കി മാറ്റുന്നുവെന്നും ഇതെന്ത് ഭ്രാന്താണെന്നും അഹാന കുറിക്കുന്നു.

Content Highlights : Ahaana Krishnakumar on Beef Trolls Krishnakumar Memes and trolls