നടൻ സുശാന്ത് സിം​ഗ് രജ്പുതിന്റെ മരണത്തെ തുടർന്ന് ബോളിവുഡിൽ സ്വജനപക്ഷപാതത്തിനെതിരേയുള്ള ചർച്ചകൾ കൊഴുക്കുകയാണ്. ബോളിവുഡിൽ മാത്രമല്ല മലയാള സിനിമയിലും സമാനമായ പ്രവണതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നീരജ് മാധവ് രം​ഗത്ത് വന്നത് കേരളത്തിൽ വലിയ ചർച്ചയായിരുന്നു. 

പുതുമുഖങ്ങൾ അവസരം കിട്ടാൻ കാത്തുനിൽ‌ക്കുമ്പോൾ  ചില താരങ്ങൾ പ്രതിസന്ധികൾ ഒന്നും തന്നെ നേരിടാതെ മാതാപിതാക്കളുടെ മേൽവിലാസത്തിൽ സിനിമയിയെത്തുന്നുവെന്ന ആരോപണങ്ങളും ഉയർന്നു. മലയാളത്തിലെ പല യുവഅഭിനേതാക്കളെയും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. നടി അഹാന കൃഷ്ണയ്ക്കെതിരേയും സമാനമായ വിമർശനം ഉയർന്നു. ഇതിന് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് അഹാന. അച്ഛനും നടനുമായ കൃഷ്ണകുമാറിന്റെ സിനിമാ ബന്ധങ്ങളുടെ ആനുകൂല്യത്തിലാണ് അഹാനയുടെ സിനിമാ കരിയറെന്നായിരുന്നു പ്രധാന ആരോപണം.

അഹാനയുടെ ഫോട്ടോ ഉപയോഗിച്ചുള്ള ഒരു മീമിൽ ഇങ്ങനെയായിരുന്നു കുറിച്ചത്.  'ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് യുട്യൂബില്‍ വിഡിയോ ചെയ്യാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍. പക്ഷേ, സിനിമയില്‍ അവസരം കിട്ടിയത് എങ്ങനെയാണെന്ന് ഓര്‍ക്കുമ്പോള്‍', 

ഇതിനു മറുപടിയായി അഹാന കുറിച്ച വാക്കുകള്‍ ഇങ്ങനെ: ഈ മീം കാണാനിടയായി. നല്ല തമാശയാണ്. എന്നാല്‍ ഇതിന് യോജിച്ച വ്യക്തി ഞാനല്ല. ആദ്യ സിനിമ കഴിഞ്ഞ് ഒരു അഭിനേതാവ് എന്ന നിലയില്‍ എല്ലാവരും അംഗീകരിക്കുന്ന വേഷം ലഭിക്കാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്ന വ്യക്തി എന്ന നിലയിൽ ഞാൻ തീര്‍ച്ചയായും ഇതിനു യോജിച്ചതല്ല.

Ahaana Krishna reply on nepotism on Instagram yotube channel after sushant singh death controversy

ഒരു താരപുത്രിയുടെ ആനുകൂല്യം എനിക്കുണ്ടായിരുന്നെങ്കിലോ എന്റെ അച്ഛനോ അമ്മയോ വലിയ സ്വാധീനശക്തിയുള്ള താരങ്ങളോ ആയിരുന്നെങ്കില്‍ ഈ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞത് പത്ത് സിനിമയെങ്കിലും ഞാന്‍ ചെയ്യുമായിരുന്നു. ഒരു പുരസ്കാരമെങ്കിലും ഞാന്‍ കരസ്ഥമാക്കുമായിരുന്നു. അതുകൊണ്ട് ആ പ്രിവിലേജ്‍ഡ് ഗ്യാങ്ങിലേക്ക് എന്നെ വലിച്ചിടേണ്ട- അഹാന കുറിച്ചു.

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ സിനിമയിലെത്തുന്നത്.  ആദ്യ ചിത്രം കഴിഞ്ഞതിനു ശേഷം വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദമെടുത്ത് ഒരു ഇടേവളയ്ക്ക് ശേഷമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയത്. ടൊവിനോ തോമസ്ലൂ നായകനായ ലൂക്ക എന്ന ചിത്രത്തിലെ അഹാനയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് പതിനെട്ടാം പടി എന്ന ചിത്രത്തിലും വേഷമിട്ടു. സമൂഹമാധ്യമത്തില്‍ വളരെ സജീവമാണ് അഹാനയും സഹോദരിമാരും. ഇവർ ആരംഭിച്ച യൂട്യൂബ് ചാനലിന് വലിയ സ്വീകാര്യതയാണുള്ളത്. 

Content Highlights: Ahaana Krishna reply on nepotism on Instagram