അഹാന കൃഷ്ണ
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ഭ്രമം എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ. ഭ്രമത്തില്‍ നിന്ന് ഒഴിവാക്കിയത് തന്റെ ബി.ജെ.പി ബന്ധം കാരണമാണെന്ന് നടിയുടെ പിതാവും നടനുമായ കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. അത് വാസ്തവമല്ലെന്നും ആ കഥാപാത്രത്തിന് അനുയോജ്യയല്ലാത്തതിനാലാണ് അഹാനയെ മാറ്റിയതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. തുടര്‍ന്നാണ് നടി പ്രതികരണവുമായി രംഗത്തെത്തിയത്. തനിക്ക് ഈ വിഷയത്തില്‍ യാതൊരു പങ്കുമില്ലെന്നും പൃഥ്വിരാജിന്റെ വലിയ ആരാധിക ആണെന്നും അഹാന പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.
അഹാനയുടെ വാക്കുകള്‍
നിങ്ങളില്‍ ചിലരെങ്കിലും എന്നെക്കുറിച്ചുള്ള വേണ്ടാത്ത വാര്‍ത്തകള്‍ കേട്ടിട്ടുണ്ടാകും. എനിക്ക് ഒന്നേ പറയാനുള്ളു. എന്നെ വെറുതെ വിടൂ. ഞാന്‍ ആരെയും പഴി ചാരിയിട്ടില്ല. സംസാരിച്ചവര്‍ ഞാനുമായി ബന്ധമുള്ളവര്‍ തന്നെ. എന്നാല്‍ അത് മറ്റൊരാളുടെ അഭിപ്രായമാണ്. അത് വേറെ ഒരു വ്യക്തി പറഞ്ഞിട്ടുള്ള കാര്യമാണ്. ഈ നാടകത്തില്‍ എനിക്ക് പങ്കില്ല.
ഞാന്‍ ഇപ്പോള്‍ പോണ്ടിച്ചേരിയിലാണുള്ളത്. എന്റെ മുഖം വാര്‍ത്തകള്‍ കണ്ടാല്‍ അത് ദയവായി അവഗണിക്കണം. എല്ലാവരുടെയും ശ്രദ്ധയിലേക്ക് ഒരു കാര്യം. ഞാന്‍ ഒരു കടുത്ത പൃഥ്വിരാജ് ആരാധികയാണ്. അത് അങ്ങനെ തന്നെയായിരിക്കും. അതുകൊണ്ടു തന്നെ ഏതെങ്കിലും തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടാല്‍ പ്രചരിപ്പിക്കരുത്. ആവശ്യമില്ലാത്ത വര്ത്തകളൊക്കെ എന്റെ മുഖം വെച്ച് കാണുമ്പോള്‍ ദേഷ്യം തോന്നിപ്പോകും. ചില സമയത്ത് അത് അങ്ങനെയാണ്. നമ്മള് ഒന്നും തന്നെ ചെയ്യാത്ത കാര്യങ്ങളിലേക്ക് നമ്മുടെ പേര് വലിച്ചിഴക്കപ്പെടും. മറ്റൊരാളുടെ പ്രവര്‍ത്തിയില്‍ നമ്മുടെ പേരും വലിച്ചിഴയ്ക്കുന്നത് വിഷമകരമായ കാര്യമാണ്. ഞാന്‍ ആരെയും കുറ്റം പറഞ്ഞിട്ടില്ല.
പൃഥ്വിരാജിനൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. നമ്മള് ഒരുപാട് ഇഷ്ടപ്പെടുന്ന നടന്റെ പേരൊക്കെ വെച്ച് ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വളരെ വിഷമമുണ്ട്. ഈ തെറി വിളിക്കാന്‍ വരുന്നവര്‍ അതിപ്പോ ഇടതാണെലും വലതാണേലും ആദ്യം നേരെ നോക്കണം. എന്നിട്ടു വേണം തെറി വിളിക്കാന്‍.
Content Highlights: Ahaana Krishna Reacts on Bhramam movie controversty Prithviraj Sukumaran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..