ഫെയ്സ്ബുക്കിലൂടെ ആരാധകരോട് മാപ്പു പറഞ്ഞ് നടി അഹാന കൃഷ്ണകുമാർ. കഴിഞ്ഞ ദിവസം താൻ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ പേരിൽ നിരവധി വിമർശനങ്ങളളാണ് നേരിടേണ്ടി വന്നതെന്നും ആരെയും മന:പൂർവം ദ്രോഹിക്കാനല്ല താനതു ചെയ്തതെന്നും അഹാന പറയുന്നു.ഫോളോവേഴ്സ് ആണ് തന്റെ സമ്പത്തെന്നും ആരാധകരുടെ പിന്തുണയും സ്നേഹവും ഇനിയും തനിക്ക് വേണമെന്നും അഹാന പോസ്റ്റിലൂടെ പറയുന്നു.

കുറച്ചുദിവസങ്ങളായി സോഷ്യൽമീഡിയ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് നടി അഹാന കൃഷ്ണകുമാറിന്റേത്. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാൻ തിരുവനന്തപുരത്ത് പെട്ടെന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ നടി പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം സ്റ്റോറി വിവാദമായതിനു പിന്നാലെ അഹാനയ്ക്ക്് വൻതോതിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നു. പിന്നീട് നടി സൈബർ ബുള്ളിയിങ്ങിനെക്കുറിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെയും നിരവധി പേരാണ് പ്രശംസകളും വിമർശനങ്ങളുമായി രംഗത്തു വന്നത്. അതിനിടെ സാമൂഹിക അകലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സർക്കാർ പരസ്യത്തിനു ചുവടെ നടിയെ വിമർശിച്ച വ്യക്തിയെ സൈബർ ബുള്ളിയാക്കി ചിത്രീകരിച്ചുവെന്ന പേരിലും അഹാനയ്ക്കെതിരെ വിമർശനമുണ്ടായി. വിമർശിച്ച വ്യക്തിയുടെ കമന്റിന്റെ ഒരു ഭാഗമെടുത്ത് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കിയതാണ് നടിക്കെതിരെ ഒടുവിലായി വന്ന ആരോപണം. ഇതാണ് നടി ക്ഷമാപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

അഹാനയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരുപാട് വർഷങ്ങളായി സോഷ്യൽ മീഡിയയിലും പുറത്തും നിങ്ങളെല്ലാവരുടെയും അകമഴിഞ്ഞ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവരാണ് ഞാനും എന്റെ കുടുംബവും. അതു കൊണ്ടു തന്നെ നിങ്ങളോരോരുത്തരും ഞങ്ങൾക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്.

ഞാൻ പോസ്റ്റ് ചെയ്ത ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ ചുവട് പിടിച്ച് ഒട്ടനവധി മെസേജുകളാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് ലഭിച്ചത്, അതിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടത് ആ സ്റ്റോറിയിൽ പരാമർശിക്കപ്പെട്ട വ്യക്തിയോടും, അതോടൊപ്പം ആ സ്റ്റോറി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോടും ഒരു വിശദീകരണം നൽകണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ എന്റെ ചുറ്റിലും ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും, അതെല്ലാം പ്രോസസ്സ് ചെയ്തെടുക്കാൻ എനിക്കൊരല്പം സാവകാശം ആവശ്യമായിരുന്നു. ഒരിക്കലും ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതോ, കുറ്റക്കാരനായി ഫ്രെയിം ചെയ്യുക എന്നതോ ആയിരുന്നില്ല എന്റെ ഉദ്ദേശം. എന്റെ പോസ്റ്റിനു താഴെ ആ വ്യക്തിയിട്ട കമന്റിലെ ചില ഭാഗങ്ങളോടുള്ള എന്റെ അഭിപ്രായ വ്യത്യാസം അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആ ഭാഗം മാത്രമായി സ്റ്റോറിയിൽ ഉൾപ്പെടുത്തിയത്.

മുകളിൽ പറഞ്ഞത് പോലെ ഒരാളെയും വേദനിപ്പിക്കുക എന്നതോ, തെറ്റുകാരനായി ചിത്രീകരിക്കുക എന്നതോ ഒന്നുമായിരുന്നില്ല എന്റെ ഉദ്ദേശം, മറിച്ച് അദ്ദേഹത്തിന്റെ പരാമർശത്തിനു മറുപടി കൊടുക്കുക എന്നത് മാത്രമായിരുന്നു. ഈ നിമിഷത്തിൽ എന്റെ ഉദ്ദേശശുദ്ധി തെളിയിക്കുക എന്നതിനുമപ്പുറം പ്രാധാന്യം എന്റെ പ്രവൃത്തികൾ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്നു ഞാൻ മനസ്സിലാക്കുന്നു.

വ്യക്തിപരമായി അറിയില്ലെങ്കിലും എന്റെ ഫോളോവേഴ്സ് ലിസ്റ്റിലുള്ള ഒരോരുത്തരും എന്റെ ജീവിതത്തിന്റെ ഭാഗമാണ്, വില മതിക്കാനാകാത്ത സമ്പാദ്യമാണ്. അതു കൊണ്ടാണ് നിങ്ങളുമായി ബന്ധപ്പെട്ട ഒരോ മൈൽസ്റ്റോണുകളും നമ്മൾ ഒരുമിച്ച് ആഘോഷിച്ചിട്ടുള്ളത്. നാളിതു വരെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും കരുതലുമാണു എന്നെ വഴി നടത്തിയത്, അതിനൊട്ടും കുറവു വന്നിട്ടില്ലെന്നും, അതിനിയും ഉണ്ടാകും എന്നുമുള്ള പ്രതീക്ഷയോടെ

നിങ്ങളുടെ സ്വന്തം

അഹാന കൃഷ്ണ

 

Content Highlights :ahaana krishna facebook post apology letter to followers instagram story cyber bullying covid 19 break the chain advertisement