അടച്ചിടൽക്കാലത്ത് രാജ്യത്തെ കാഴ്ചക്കാരുടെ എണ്ണത്തിൽ ഒന്നാമതെത്തിയ ദൂരദർശൻ തങ്ങളുടെ സുവർണകാലത്തെ മറ്റൊരു ജനപ്രിയപരമ്പരകൂടി പ്രേക്ഷകരിലേക്കെത്തിക്കുന്നു. രാമായണം പരമ്പരയിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാമാനന്ത് സാഗർ അണിയിച്ചൊരുക്കി 27 വർഷങ്ങൾക്കുമുമ്പ്‌ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയായിരുന്ന ശ്രീകൃഷ്ണയാണ് പുനഃസംപ്രേഷണത്തിന് ഒരുങ്ങുന്നത്. 

ഡിഡി നാഷണൽ ചാനലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്.  രാമാനന്ത് സാഗർ തിരക്കഥയെഴുതി സംവിധാനം ചെയ്ത പരമ്പര ശ്രീകൃഷ്ണന്റെ ജീവിതകഥയാണ് ദൃശ്യവത്കരിക്കുന്നത്. 

 സർവദാമൻ ഡി ബാനർജി പരമ്പരയിൽ ശ്രീകൃഷ്ണന്റെ യൗവനകാലഘട്ടവും സ്വപ്നിൽ ജോഷി കൗമാരകാലവും അവതരിപ്പിച്ചു. ദീപക് ദേവുൽകർ, പിങ്കി പരീഖ് എന്നിവരാണ് പരമ്പരയിലെ മറ്റു അഭിനേതാക്കൾ.  1993-ൽ ദൂരദർശന്റെ മെട്രോ ചാനലായ ഡി.ഡി.2 വിലാണ് ശ്രീകൃഷ്ണയുടെ സംപ്രേഷണം ആരംഭിക്കുന്നത്. 1996-ൽ സംപ്രേഷണം ഡി.ഡി. നാഷണലിലേക്കും സംപ്രേഷണം മാറ്റി. നേരത്തേ രാമായണവും മഹാഭാരതവും ശക്തിമാനും ഉൾപ്പെടെയുള്ള പരമ്പരകൾ ദുരദർശൻ പുനഃസംപ്രേഷണം ചെയ്തിരുന്നു.

Content Highlights : After Ramayan, Ramanand Sagar’s Shri Krishna To be telecast on Dooradarshan