ഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പാകിസ്താനാണ് ഉത്തരവാദിയെന്ന് അഫ്ഗാന്‍ പോപ്പ് ഗായിക അര്‍യാനാ സയീദ്. അന്താരാഷ്ട്ര സമൂഹം തങ്ങളെ സഹായിക്കണമെന്നും ഗായിക അഭ്യര്‍ഥിച്ചു. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗായികയുടെ പ്രതികരണം.

''പാകിസ്താനെയാണ് എനിക്ക് കുറ്റപ്പെടുത്താനുള്ളത്. താലിബാനെ വളര്‍ത്തിവലുതാക്കിയതില്‍ പാകിസ്താന്റെ പങ്കിന് തെളിവുണ്ട്. അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാനെ അറസ്റ്റ് ചെയ്യുമ്പോള്‍ അതില്‍ മിക്കവരും പാകിസ്താനികള്‍ ആയിരിക്കും. അതുകൊണ്ട് തന്നെ അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാര്‍ അവരാണ്. താലിബാന് ആയുധ പരിശീലനം നല്‍കുന്നത് പാകിസ്താനാണ്. അന്താരാഷ്ട്ര സമൂഹത്തിനോട് പറയാനുള്ളത്, പാകിസ്താന് നിങ്ങളാരും ഇനി ഫണ്ട് നല്‍കരുത്. അതുനിലച്ചാല്‍ താലിബാനെ പോറ്റാന്‍ പാകിസ്താന് കഴിയുകയില്ല.''

അഫ്ഗാനില്‍ രണ്ട് പതിറ്റാണ്ടോളം സേനയെ വിന്യസിച്ച് പെട്ടന്ന് പിന്‍വാങ്ങിയ അമേരിക്കന്‍ നയത്തെയും ഗായിക വിമര്‍ശിച്ചു.

''അല്‍ഖ്വയ്ദയ്ക്കും താലിബാനും വളരാനുള്ള സാഹചര്യമുണ്ടാക്കി വന്‍ ശക്തികള്‍ ഒരു സുപ്രഭാതത്തില്‍ അഫ്ഗാനില്‍ നിന്ന് അപ്രത്യക്ഷമായി. ഇത് ഞങ്ങളെ സംബന്ധിച്ച് വളരെ ഞെട്ടലുണ്ടാക്കിയ സംഗതിയാണ്. ഞങ്ങളെ കൈവിടരുത്. അവിടുത്തെ സാധാരണ പൗരന്‍മാര്‍ ഈ തീവ്രവാദത്തിന് ഉത്തരവാദികളല്ല. അവിടുത്തെ സ്ത്രീകളും കുട്ടികളും നരകിക്കുകയാണ്''- അര്‍യാനാ സയീദ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Afghan pop singer Aryana Sayeed slams Pakistan for funding Taliban after Afghan Invasion