ഫ്ഗാന്‍ ചലച്ചിത്ര സംവിധായിക സഹ്‌റാ കരീമി താലിബാന്‍ അധിനിവേശ അഫ്ഗാനില്‍ നിന്നും യുക്രൈനിലേക്ക് പലായനം ചെയ്തു. കുടുംബത്തോടൊപ്പമാണ് സംവിധായിക രാജ്യം വിട്ടത്. സഹോദരന്റെ മക്കളെല്ലാം പെണ്‍കുട്ടികളാണെന്നും താലിബാന്റെ നിയന്ത്രണത്തില്‍ അവര്‍ സുരക്ഷിതരായിരിക്കില്ലെന്നതിനാലാണ് അഫ്ഗാനിസ്ഥാന്‍ വിട്ടതെന്ന് സഹ്‌റാ കരീമി റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

''ഇളയ കുഞ്ഞിന് രണ്ട് വയസ്സുമാത്രമേയുള്ളൂ. ഞങ്ങളുടെ കുടുംബത്തില്‍ ഒരുപാട് പെണ്‍കുട്ടികളുണ്ട്. താലിബാന്റെ നിയന്ത്രണത്തില്‍ അവര്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സാഹചര്യം പോലും ഉണ്ടാകില്ല. അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് രാജ്യം വിടാന്‍ പ്രേരണയായത്. യാത്ര വളരെ ആശങ്കകള്‍ നിറഞ്ഞതായിരുന്നു. ആദ്യ വിമാനം ഞങ്ങള്‍ക്ക് നഷ്ടമായി. ഒരിക്കലും രക്ഷപ്പെടാനാകുമെന്ന് പിന്നീട് കരുതിയില്ല. പക്ഷേ കാത്തിരുന്നു. ഒടുവില്‍ അടുത്ത വിമാനം വന്നെത്തി''- സഹ്‌റാ കരീമി പറഞ്ഞു.

താലിബാന് കീഴടങ്ങിയ ശേഷനുള്ള അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നതിന് സഹ്‌റാ കരീമി വഹിച്ച പങ്ക് വളരെ വലുതാണ്. കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തപ്പോള്‍ സിനിമാലോകത്തിന്റെ സഹായം അഭ്യര്‍ഥിച്ച് സഹ്‌റാ കരീമി വീഡിയോ പങ്കുവച്ചിരുന്നു. 

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ ചലച്ചിത്ര സംഘടനയുടെ അധ്യക്ഷയായിരുന്നു സഹ്‌റാ കരീമി. സിനിമയില്‍ ഡോക്ടറേറ്റുള്ള ഏക അഫ്ഗാന്‍ വനിത കൂടിയാണവര്‍. സ്ലൊവാക്യയിലെ ഫിലിം ടെലിവിഷന്‍ അക്കാദമിയിലായിരുന്നു പഠനം. തുര്‍ക്കി സര്‍ക്കാരും യുക്രൈന്‍ സര്‍ക്കാരും സംയുക്തമായാണ് സഹ്‌റ കരീമിയ്ക്കും കുടുംബത്തിനും രക്ഷപ്പെടാനുള്ള സഹായം ചെയ്തത്‌.

Content Highlights: Afghan director Sahraa Karimi escapes from Kabul to Ukraine after Taliban Invasion