മരണത്തിനപ്പുറം എന്തെന്ന ചോദ്യത്തിന് ഉത്തരംതേടി 'അദൃശ്യൻ' വരുന്നു. എം.എഫ്.ഹുസൈന്റെ അസോസിയേറ്റായി പ്രവർത്തിച്ച മനോജ് കെ. വർഗീസ് മലയാളത്തിൽ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യത്തെ ചിത്രമാണ് അദൃശ്യൻ. ചിത്രത്തിന്റെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ ടൈറ്റിൽ പ്രകാശനം ചെയ്തു.
ലെസ്ലി ഫിലിംസ് ഓസ്ട്രേലിയയുമായി സഹകരിച്ച് ഗുഡ് ഡെ മൂവീസിന്റെ ബാനറിൽ എ.എം.ശ്രീലാലാണ് ചിത്രം നിർമിക്കുന്നത്. മിസ്റ്ററി-ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് പ്രതിസന്ധികൾക്ക് ശേഷമേ ആരംഭിക്കൂ. കേരളവും തമിഴ്നാടും കൂടാതെ വിദേശത്തും ചിത്രീകരണം നടക്കും.
ദക്ഷിണേന്ത്യയിലെ മുൻനിര നടീനടൻമാർ ചിത്രത്തിലുണ്ടാകുമെന്നും ചർച്ചയുടെ ഘട്ടമായതിനാൽ ഇപ്പോൾ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും അണിയറക്കാർ പറഞ്ഞു. മികച്ച സാങ്കേതിക വിദഗ്ധരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രണ്ടു തവണ ദേശീയ പുരസ്കാരം നേടിയ ജസ്റ്റിൻ ജോസാണ് ഡയറക്ടർ ഓഫ് ഓഡിയോഗ്രഫി. ക്യാമറ രാജീവ് വിജയും എഡിറ്റിങ് അക്ഷയ്കുമാറും നിർവഹിക്കും.
Content Highlights: adrishyan malayalam movie