ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷന്‌സിനോട് ചേര്‍ന്ന്, യു.എ.എന്‍. ഫിലിം ഹൗസ് , എ.എ.എ.ആര്‍.പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അദൃശ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 

നൂറുദിവസത്തിലധികം നീണ്ടു നിന്ന ഈ ദ്വിഭാഷാ ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് പൂര്‍ത്തീകരിച്ചത്. ജോജു ജോര്‍ജ് , നരേന്‍, ഷറഫുദ്ദീന്‍, പവിത്ര ലക്ഷ്മി , ആത്മീയ രാജന്‍ എന്നിവര്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്ന അദൃശ്യത്തിലൂടെ കായല്‍ ആനന്ദി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു. അദൃശ്യത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍, ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 

Joju and team

ഈ കോവിഡ് കാലഘട്ടത്തില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളിലായി ചിത്രീകരണം പൂര്‍ത്തിയാക്കുക എന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാര്യമായിരുന്നു എന്ന് സംവിധായകന്‍ സാക് ഹാരിസ് പറഞ്ഞു. നവാഗതനായ സാക് ഹാരിസിന്റെ സംവിധാനത്തില്‍ തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രമുഖ  താരങ്ങളായ പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈനുദ്ദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. 

പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.