തിരുവനന്തപുരം: ദേശീയ ചലച്ചിത്രപുരസ്‌കാര സമിതി നിറയെ ഇപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കലാള്‍പ്പടയാളികളാണെന്നും ദേശീയപുരസ്‌കാരമെന്ന സമ്പ്രദായം നിര്‍ത്തേണ്ട കാലം കഴിഞ്ഞുവെന്നും പ്രമുഖസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്‍ടാക്ട് 'സെന്‍സര്‍ ബോര്‍ഡും ഇന്ത്യന്‍ സിനിമയും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ചുമടുകളും എടുത്തുമാറ്റി സിനിമയെ മോചിപ്പിക്കണം. ദേശീയപുരസ്‌കാരം ഏര്‍പ്പെടുത്തിയത് എന്തിനാണോ അതിന്റെ ആശയംതന്നെ കടപുഴകിയിരിക്കുകയാണ്. വെറും ആഭാസമായി മാറി. അതിനാലാണ് 'ബാഹുബലി'യൊക്കെ അവാര്‍ഡ് നേടുന്നത്. ജനാധിപത്യരാഷ്ട്രത്തിന് ചേരാത്ത സെന്‍സറിങ് പൂര്‍ണമായും എടുത്തുകളയണം. സിനിമയില്‍ മാത്രമല്ല, നാടകത്തിലും മാധ്യമപ്രവര്‍ത്തനത്തിലും പ്രസംഗത്തിലുമൊന്നും നിയന്ത്രണങ്ങള്‍ പാടില്ല.

സിനിമയ്ക്കുമുമ്പ് സിഗരറ്റ് വലിക്കെതിരേയുള്ള ഭീകരപരസ്യം കണ്ടാല്‍പ്പിന്നെ സിനിമ കാണാന്‍പോലും തോന്നില്ല. അത്ര കുഴപ്പമാണെങ്കില്‍ സര്‍ക്കാരിന് പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചാല്‍പോരെ. സര്‍ക്കാരിന് സൗജന്യമായി പരസ്യം നല്‍കുന്നതിനുള്ള ഉപാധിയായി സിനിമ മാറി -അടൂര്‍ പറഞ്ഞു.

സിനിമയില്‍ മീന്‍വെട്ടുന്ന രംഗത്തില്‍ ഒരു പൂച്ച ഇരിക്കുന്നതുകണ്ട് വിശദീകരണവും ആനിമല്‍ പ്രൊട്ടക്ഷന്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും ചോദിച്ച സെന്‍സര്‍ബോര്‍ഡ് ഇതൊരു വൈകൃതമാക്കി മാറ്റുകയാണ് ചെയ്യുന്നത്. നമ്മുടെ ഒരു മന്ത്രിക്കുണ്ടായ ഉള്‍വിളിയാണ് ഇതിനു പിന്നില്‍. ഇത്തരം മണ്ടന്‍ തീരുമാനങ്ങള്‍ കാരണമാണ് സര്‍ക്കസ് എന്ന വലിയൊരു വിനോദോപാധി ഇന്ത്യയില്‍നിന്ന് തുടച്ചുമാറ്റപ്പെട്ടത്. സിനിമാക്കാരുടെ തോളില്‍ കയറിയല്ല മൃഗസ്നേഹം കാണിക്കേണ്ടത്.

സിനിമയെപ്പറ്റി ഒന്നും അറിയാത്തവരും പുസ്തകംപോലും വായിക്കാത്തവരുമൊക്കെയാണ് സെന്‍സര്‍ബോര്‍ഡില്‍ ഇരിക്കുന്നത്. സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ സെന്‍സര്‍ ഓഫീസര്‍ വഴി നടപ്പാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പശുവിനെ കൊല്ലരുതെന്ന് പറയുന്നവര്‍ കറവ വറ്റിയ പശുക്കള്‍ വിശന്ന് വീണുചാവുന്ന ദയനീയാവസ്ഥ കാണുന്നില്ല. അതേസമയം, ടെലിവിഷനില്‍ എന്തെല്ലാം വൃത്തികേടുകളാണ് കാട്ടുന്നത്. കച്ചവട സിനിമാക്കാര്‍ സെന്‍സര്‍ ബോര്‍ഡിനോട് അടിമമനോഭാവം കാട്ടുന്നത് അവരിതിനെ കലാരൂപമായി കാണാത്തതുകൊണ്ടാണെന്നും അടൂര്‍ പറഞ്ഞു. സൂര്യ കൃഷ്ണമൂര്‍ത്തി, സിനിമാ നിരൂപകന്‍ വിജയകൃഷ്ണന്‍, കോണ്‍ടാക്ട് ഭാരവാഹികളായ മുഹമ്മദ് ഷാ, സി.ആര്‍. ചന്ദ്രന്‍, താജ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.