അദിവി ശേഷ് | ഫോട്ടോ: www.instagram.com/adivisesh/
ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തമാർന്ന സിനിമകളിലൂടെ പ്രേക്ഷകമനസിൽ ഇടംനേടിയ നടനാണ് അദിവി ശേഷ്. ക്ഷണം, ഗുഡാചാരി, എവരു എന്നിങ്ങനെ തുടർച്ചയായ ഹിറ്റുകൾ സമ്മാനിച്ച താരം പുതിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. തെലുങ്കിലെ താരങ്ങളുടെ പേരിനൊപ്പമുള്ള വിശേഷണങ്ങളോട് താത്പര്യമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദിവി.
തന്റെ പുതിയ ചിത്രമായ മേജറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ ആരാധകരുമായുള്ള സംസാരത്തിനിടെയാണ് അദിവി നിലപാട് തുറന്നുപറഞ്ഞത്. ത്രില്ലിങ് സ്റ്റാർ എന്ന് അദിവിയെ വിശേഷിപ്പിക്കുന്നുണ്ടല്ലോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് താരം ഇത്തരം കാര്യങ്ങളിൽ തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞത്. തന്റെ ചിത്രങ്ങളിൽ ശക്തമായ ഉള്ളടക്കമാണുള്ളത്. അതുകൊണ്ട് ഒരു ഹീറോ ടാഗ് ലൈൻ ആവശ്യമില്ല. മേജർ വലിയ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെലുങ്കിലെ മിക്ക താരങ്ങളും പേരിനൊപ്പം വിശേഷണങ്ങൾ ചേർക്കാറുണ്ട്. ആരാധകർ ഇത് വലിയരീതിയിലാണ് കാണുന്നതും. ചിരഞ്ജീവിക്ക് മെഗാസ്റ്റാർ എന്നും നാഗാർജുനയ്ക്ക് കിംഗ് എന്നും പവൻ കല്യാണിന് പവർ സ്റ്റാർ എന്നുമാണ് വിളിപ്പേരുകൾ. ഇതിൽ രാഷ്ട്രീയത്തിലിറങ്ങിയ ശേഷം പവൻ കല്യാൺ തന്നെ ഇനി പവർ സ്റ്റാർ എന്ന് വിശേഷിപ്പിക്കരുതെന്ന് നിലപാടെടുത്തിരുന്നു.
സിനിമയിൽ സജീവമായശേഷം അല്ലു അർജുൻ ഐക്കൺ സ്റ്റാറെന്നും സുധീർ ബാബു നിട്രോ സ്റ്റാറെന്നുമുള്ള വിശേഷണങ്ങൾ സ്വീകരിച്ചിരുന്നു. സൂപ്പർ സ്റ്റാർ എന്നാണ് മഹേഷ് ബാബു ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. രാംചരൺ തേജയാകട്ടെ മെഗാ പവർ സ്റ്റാർ എന്ന പേരിലും. ഇവർക്കിടയിലാണ് യാതൊരു വിശേഷണങ്ങളിലും താത്പര്യമില്ല എന്നുപറഞ്ഞ് അദിവി ശേഷ് വ്യത്യസ്തനാവുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..