ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള 400 കോടിയുടെ വാഗ്ദാനം നിരസിച്ച് നിര്‍മാതാവ് ആദിത്യ ചോപ്ര. ബോളിവുഡിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ യഷ് രാജ് ഫിലിംസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ആദിത്യ ചോപ്ര. 

റണ്‍ബീര്‍ കപൂറും സഞ്ജയ് ദത്തും പ്രധാനവേഷങ്ങളിലെത്തുന്ന ഷംഷേര, റാണി മുഖര്‍ജിയും സെയ്ഫ് അലിഖാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബണ്ടി ഓര്‍ ബബ്ലി 2, അക്ഷയ് കുമാറിന്റെ പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനാവകാശം ലഭിക്കുന്നതിനാണ് ആദിത്യ ചോപ്രയെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സമീപിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യൂ എന്ന നിലപാടിലാണ് നിര്‍മാതാവ്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ രാജ്യത്തെ ഏതാനും സംസ്ഥാനങ്ങളില്‍ തിയേറ്ററുകള്‍ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തിയേറ്റര്‍ തുറക്കുന്നതിന് സര്‍ക്കാര്‍ ഇരുവരെ അനുവാദം നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തന്നെയാണ് പ്രധാന ആശ്രയം. ഈ സാഹചര്യത്തിലാണ് യഷ് രാജ് ഫിലിംസിന്റെ ചിത്രങ്ങള്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഭാഗത്തു നിന്ന് വലിയ വാഗ്ദാനങ്ങള്‍ ഉണ്ടായത്.

കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്തെ തിയേറ്ററുകള്‍ അടച്ചിട്ടതോടെ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ഒട്ടേറെ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. അന്താരാഷ്ട്ര ഭീമന്‍മാര്‍ക്ക് പുറമേ പ്രാദേശികമായും ഒട്ടേറ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ജന്മമെടുത്തു. പ്രമുഖ താരങ്ങളുടെയും വലിയ നിര്‍മാണ കമ്പനികളുടെയും ചിത്രങ്ങള്‍ക്ക് വന്‍തുക നല്‍കി പ്രദര്‍ശനാനുമതി നേടാന്‍ കനത്ത മത്സരമാണ് ഈ രംഗത്ത് നടക്കുന്നത്. 

Content Highlights: Aditya Chopra turns down a 400 crore rupees deal with  OTT Platform for theaters