കെ കണ്‍മണിക്ക് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായി പല്ലവിയുടെ പകരക്കാരിയാവുന്നത് ബോളിവുഡ് താരം അദിതി റാവു. ഇതുവരെ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കുരുതിപ്പൂക്കൾ എന്നൊരു പേര് പറഞ്ഞുകേള്‍ക്കുന്നുണ്ട്.

ചിത്രത്തിൽ കാര്‍ത്തിയാണ് നായകൻ. സായി പല്ലവിയെയാണ് മണിരത്‌നം ആദ്യം നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് സായി പിന്മാറുകയായിരുന്നു. തിരക്കഥയിലെ കഥാപാത്രം പക്വത ആവശ്യപ്പെടുന്നുണ്ടെന്നും അത് തനിക്ക് ചേരില്ലെന്നും പറഞ്ഞായിരുന്നു സായി പിന്മാറിയത്. തന്നെയുമല്ല ചിത്രത്തില്‍ ഏതാനും ഇന്റിമേറ്റ് സീനുകൾ ഉണ്ടെന്നും ഇത് അഭിനയിക്കാന്‍ സായി തയ്യാറല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഏ.ആര്‍. റഹ്മാന്‍, പി.സി. ശ്രീറാം, വൈരമുത്തു, മഥന്‍കാര്‍ക്കി തുടങ്ങി മണിരത്‌നവുമായി അടുത്ത ബന്ധമുള്ള അണിയറക്കാര്‍ എല്ലാം കുരുതിപ്പൂക്കളിലുമുണ്ട്. മണിരത്‌നവും ഭാര്യയും ചേര്‍ന്ന് ആരംഭിച്ച മദ്രാസ് ടാക്കീസാണ് സിനിമ നിര്‍മ്മിക്കുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലും ചിത്രം നിര്‍മിക്കപ്പെടുന്നുണ്ടെന്നാണ് വിവരം. 

ഇതാദ്യമായിട്ടാണ് കാര്‍ത്തി മണിരത്‌നം സിനിമയില്‍ അഭിനയിക്കുന്നത്. നിലവില്‍ കാഷ്‌മോറ എന്ന ചിത്രത്തിലാണ് കാര്‍ത്തി അഭിനയിക്കുന്നത്. ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ദുല്‍ഖര്‍ സല്‍മാന്‍, നിത്യാ മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഓകെ കണ്‍മണിയായിരുന്നു മണിരത്‌നത്തിന്റെ ഏറ്റവും ഒടുവിലത്തെ സിനിമ. ദുല്‍ഖറിനെ നായകനാക്കി മണിരത്‌നം വീണ്ടും സിനിമ ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും പിന്നീട് ഈ പ്രോജക്ട് മാറ്റി വെയ്ക്കുകയായിരുന്നു.