3ഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില്‍ മാത്രം ഉപയോഗിച്ചുവരുന്ന ഇത്തരം നൂതന സാങ്കേതികവിദ്യ ആദ്യമായി പ്രയോജനപ്പെടുത്തുന്ന ഇന്ത്യന്‍ സിനിമയാണ് ആദിപുരുഷ് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. 

ടി- സീരിസ് നിര്‍മ്മാണ കമ്പനി എപ്പോഴും പുത്തന്‍ ആശയങ്ങള്‍ക്ക് പിന്തുണ നല്‍കാറുണ്ടെന്നും ഇവ നൂതന സാങ്കേതികവിദ്യകള്‍ക്കൊപ്പം സിനിമാ നിര്‍മ്മാണത്തിന്റെ ഭാവിക്ക് വഴിയൊരുക്കുമെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ ഭൂഷണ്‍ കുമാര്‍ പറഞ്ഞു.

അന്താരാഷ്ട്ര സിനിമകളില്‍  തത്സമയ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈ എന്‍ഡഡ് വിഷ്വല്‍ ഇഫക്ടുകള്‍ ഉപയോഗിക്കാറുണ്ടെന്നും ഇത്തരം സാങ്കേതികവിദ്യകള്‍ ചിത്രീകരണത്തിന് ഏറെ സഹായകമാകുമെന്നും  നിര്‍മ്മാതാവ് പ്രസാദ് സുതര്‍ അഭിപ്രായപ്പെട്ടു. ഈ രീതിയാണ് രാമായണകഥയെ പ്രമേയമായി അവതരിപ്പിക്കുന്ന ആദിപുരുഷില്‍ അവലംബിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബോളിവുഡ്താരം സെയ്ഫ് അലിഖാനാണ് ചിത്രത്തില്‍ രാവണനായി എത്തുന്നത്. ടി- സീരിസ്, റെട്രോഫൈല്‍സ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷ്ണ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2022 ല്‍ പ്രദര്‍ശനത്തിനെത്തും.

Content Highlights: Adipurush, Director Om Raut kickstarts motion capture shoot of Prabhas Saif Ali Khan starrer, 3D