തെന്നിന്ത്യന്‍ ചലച്ചിത്ര വിസ്മയമായിരുന്ന സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു മഹാനടി. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടിയില്‍ സാവിത്രിയായി വേഷമിട്ടത് കീര്‍ത്തി സുരേഷ് ആയിരുന്നു. സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേശനെ അവതരിപ്പിച്ചത് ദുല്‍ഖര്‍ സല്‍മാനും. 

2018 മെയ് 9 ന് പുറത്തിറങ്ങിയ ചിത്രം മികച്ച വിജയമാണ് നേടിയത്. സിനിമാമേഖലയിലെ പ്രമുഖരടക്കം ഒട്ടനവധിപേര്‍ രംഗത്തെത്തി. എന്നാല്‍ ജെമിനി ഗണേശന്റെ മകളായ ഡോക്ടര്‍ കമല സെല്‍വരാജ് ചിത്രത്തിനെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. സാവിത്രിയെ മഹത്വവല്‍ക്കരിക്കുന്നതിന് തന്റെ പിതാവിനെ വളരെ മോശമായി ചിത്രീകരിച്ചുവെന്ന് കമല പറഞ്ഞു. ഇത് വലിയ ചര്‍ച്ചയായിരുന്നു.

മഹാനടിക്കെതിരേ ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍കാല നടി വാണിശ്രീ. മഹാനടി കണ്ടുകൊണ്ടിരിക്കുമ്പോള്‍ പാതിയില്‍ വച്ച് ഞാന്‍ ഉറങ്ങിപ്പോയി. രണ്ടാം പകുതിയ്ക്ക് ശേഷം സാവിത്രിയുടെ ജീവിതം എവിടെയും ഇല്ല- വാണിശ്രീ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

vanisri
വാണിശ്രീ

അറുപതുകളിലും എഴുപതുകളിലും തമിഴ്  തെലുങ്ക് സിനിമാ ലോകത്തെ മുന്‍നിര താരങ്ങളിലൊരാളായിരുന്നു വാണി ശ്രീ. തന്റെ ജീവിതം ആരും സിനിമയാക്കേണ്ടതില്ലെന്നും, സിനിമയിലുള്ളതുപോലെ ട്വിസ്റ്റും സസ്പെന്‍സും ഒന്നും എന്റെ ജീവിതത്തിലില്ലെന്നും വാണിശ്രീ കൂട്ടിച്ചേര്‍ത്തു.

Content Highlights: actress Vanisri Criticises Mahanati movie, Keerthi Suresh, Dulquer Salmaan, Savithri biopic