ഹോളിവുഡ് നടി വനേസ മാര്‍ക്കസ് പോലീസ് വെടിയേറ്റു മരിച്ചു. കാലിഫോര്‍ണിയയിലെ പസാഡേന സിറ്റി പോലീസാണ് നടിയെ വെടിവെച്ചു കൊന്നത്. 49 വയസ്സായിരുന്നു. 

പ്രമുഖ ടെലിവിഷന്‍ സീരീസായിരുന്ന ഇ.ആറിലൂടെ പ്രശസ്തയായ നടിയാണ് വനേസ. നടിക്ക് മാനസികവും ശാരീരികവുമായി പ്രശ്‌നങ്ങളുണ്ടെന്ന് അവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ അറിയിച്ചത് പ്രകാരം പരിശോധിക്കാന്‍ സ്ഥലത്ത് എത്തിയാതായിരുന്നു പോലീസ്. 

മനശാസ്ത്ര വിദഗ്ധരടങ്ങിയ സംഘം നടിയോട് ഒരു മണിക്കൂറോളം സംസാരിക്കുകയും വിദഗ്ധ ചികിത്സ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതിന് തൊട്ടു പിന്നാലെ അപ്രതീക്ഷിതമായി വനേസ പോലീസിന് നേരേ തോക്ക് ചൂണ്ടി. തുടര്‍ന്ന് പോലീസ് അവരെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. 

ബിബി വിഭാഗത്തില്‍പ്പെട്ട സെമി ഓട്ടോമാറ്റിക് റൈഫിളിനോട് സാമ്യമുള്ള ഒരു കളിത്തോക്കാണ് നടിയുടെ കൈവശം ഉണ്ടായിരുന്നത്. എന്നാല്‍ യഥാര്‍ഥ തോക്കാണെന്ന് തെറ്റിദ്ധരിച്ചതിനാലാണ് തങ്ങള്‍ വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു.