ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി (62)അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

ബാലതാരമായാണ് ഉഷാറാണി സിനിമാരംഗത്തെത്തിയത്. മുപ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ച ഉഷാറാണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

ശിവാജി ഗണേശന്‍, എംജിആര്‍, കമല്‍ഹാസന്‍, പ്രേംനസീര്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച ഉഷാറാണി വിവാഹത്തിന് ശേഷം കുറച്ചുകാലം അഭിനയം നിര്‍ത്തിയിരുന്നു. പിന്നീട് മകന്‍ ജനിച്ച് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തി. തിരിച്ചുവരവില്‍ അകം, തലസ്ഥാനം, ഏകലവ്യന്‍, ഭാര്യ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയവേഷത്തിലെത്തി. 

അന്തരിച്ച സംവിധായകന്‍ എന്‍ ശങ്കരന്‍നായരുടെ ഭാര്യയാണ്. വിഷ്ണുശങ്കര്‍ മകനും കവിത മരുമകളുമാണ്. സംസ്‌കാരചടങ്ങുകള്‍ ഞായറാഴ്ച വൈകീട്ടോടെ ചെന്നൈയില്‍ നടക്കും.

Content Highlights: Actress Usharani passes away, Malayalam cinema