ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രത്തില്‍ നിന്നും തെന്നിന്ത്യന്‍ നടി തൃഷ പിന്മാറി. തെലുഗു ചിത്രം ആചാര്യയില്‍ നിന്നാണ് നടി പിന്മാറിയിരിക്കുന്നത്. തൃഷ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
'ചിലപ്പോള്‍ ചില കാര്യങ്ങളില്‍ ആദ്യം സംസാരിച്ചതില്‍ നിന്നും ഏറെ മാറ്റങ്ങള്‍ വരും പിന്നീട്. സര്ഗാത്മകതയിലുളള ഭിന്നാഭിപ്രായങ്ങള്‍ മൂലം ചിരഞ്ജീവിയുടെ സിനിമയുടെ ഭാഗമാകേണ്ട എന്നാണ് എന്റെ തീരുമാനം. ടീമിന് എന്റെ എല്ലാവിധ ആശംസകളും. എന്റെ പ്രിയ തെലുഗു പ്രേക്ഷകരോട്.. പുതിയ ഒരു നല്ല പ്രൊജക്ടിലൂടെ നിങ്ങള്ക്കരികിലെത്താമെന്ന് പ്രത്യാശിക്കുന്നു.' തൃഷ ട്വീറ്റ് ചെയ്തു.
2006ല്‍ എ ആര് മുരുഗദോസ് സംവിധാനം ചെയ്ത സ്റ്റാലിനു ശേഷം തൃഷയും ചിരഞ്ജീവിയും ഒന്നിക്കുന്ന ചിത്രമായിരുന്നു ആചാര്യ. കോടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കോനിഡെല പ്രൊഡക്ഷന്‍ കമ്പനിയും മാറ്റിനി എന്റര്ടെയിന്മെന്റ്സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മണി ശര്‍മ്മയാണ് സംഗീത സംവിധാനം. 140 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നടി റെജീന കസാന്‍ഡ്ര ഒരു പാട്ടുരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തില്‍ അഭിനയിക്കാനായി അണിയറപ്രവര്‍ത്തകര്‍ മഹേഷ് ബാബുവിനെയും സമീപിക്കാനിരിക്കയാണ്.
Content Highlights : actress trisha backs out from chiranjeevi movie acharya