നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം അത്രയധികം സ്വീകാര്യതയാണ് സ്വാസികയ്ക്ക് നേടിക്കൊടുത്തത്. മെഗാസ്റ്റാര്‍ മമ്മൂട്ടി പോലും തന്നെ തേപ്പുകാരിയെന്ന പേരിലാണ് അറിയുന്നതെന്നു തുറന്നു പറയുകയാണ് സ്വാസികയിപ്പോള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് സ്വാസിക ഇതു പറഞ്ഞത്.

'മമ്മൂക്ക എത്തിയ ഒരു പരിപാടിയുടെ ഇടയില്‍ ഒരു ചോദ്യം ചോദിക്കാന്‍ വേണ്ടി എഴുന്നേറ്റുനിന്നു. എളിമയോടെ എന്റെ പേര് സ്വാസിക എന്നാണ്. ഞാന്‍ സീതയെന്ന സീരിയല്‍ ചെയ്യുന്നുണ്ട് എന്നൊക്കെ പറഞ്ഞു. അപ്പോള്‍ തന്നെ മമ്മൂക്ക തനിക്ക് സ്വാസിക എന്നല്ലല്ലോ തേപ്പുകാരി എന്ന പേരു കൂടെയില്ലേ എന്നു ചോദിച്ചു. ഞാന്‍ വാ പൊളിച്ചു നോക്കിനിന്നു പോയി. കൂടെയുണ്ടായിരുന്നു സീരിയല്‍ താരങ്ങളൊക്കെ മമ്മൂക്ക നിന്നെ തിരിച്ചറിഞ്ഞു എന്നു പറഞ്ഞ് പിന്നെ ആകെ ബഹളമായി. എന്റെ കണ്ണില്‍ നിന്നൊക്കെ വെള്ളം വന്നു, സന്തോഷം കൊണ്ട്. പിന്നെ ഇടയ്ക്ക് മെസേജ് ചെയ്യുമ്പോഴെല്ലാം തേപ്പുകാരി സുഖമല്ലേയെന്നു ചോദിക്കാറുണ്ട്. 

തന്റെ നൃത്തത്തെക്കുറിച്ച് മോഹന്‍ലാലും തന്നോട് അഭിപ്രായങ്ങള്‍ പങ്കുവെക്കാറുണ്ടെന്നും സ്വാസിക പറയുന്നു. 'ഒരിക്കല്‍ അമ്മ സംഘടനയുടെ പരിപാടിയ്ക്കു വേണ്ടി ലാലേട്ടനൊപ്പം ഇരുവറിലെ 'നറുമുഖയെ' എന്ന പാട്ടിനു ചുവടുവെയ്ക്കാനായി. എന്റെ നൃത്തത്തെ അഭിനന്ദിക്കാറും നൃത്തത്തെക്കുറിച്ച് അഭിപ്രായം പറയാറുമുണ്ട് ലാലേട്ടന്‍.'

പണ്ടേ വലിയ പൊട്ട് തൊടുന്ന ആളാണ് താനെന്നും നൃത്തത്തിലുള്ള താത്പര്യവും അണിഞ്ഞൊരുങ്ങി നടക്കാനുള്ള മോഹവും കൊണ്ട് താന്‍ വലിയ പൊട്ടും മൂക്കുത്തിയും പണ്ടേ സ്വന്തം സ്റ്റൈലാക്കിയതാണെന്നും സ്വാസിക പറഞ്ഞു.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ 'സീത'യായ സ്വാസിക ജോഷി ഒരുക്കുന്ന പൊറിഞ്ചു മറിയം ജോസിലും മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലുമണ് അടുത്തതായി അഭിനയിക്കുന്നത്.

Content Highlights : actress Swasika tells Mammooty calls her theppukari