സുജ കാര്‍ത്തികയ്ക്ക് പിന്നാലെ അമ്മ ചന്ദ്രിക സുന്ദരേശനും പിഎച്ച്ഡി നേടി. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍നിന്ന് സുജ നേരത്തെ സോഷ്യല്‍ സയന്‍സില്‍ പിഎച്ച്ഡി കരസ്ഥമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്ന് ചന്ദ്രിക മാനേജ്‌മെന്റില്‍ പിഎച്ച്ഡി നേടിയത്.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു സുജയുടെ ഗവേഷണ പ്രബന്ധം. സിനിമയില്‍ സജീവമായിരുന്ന കാലത്തും സുജ പഠനത്തില്‍ ഉഴപ്പിയില്ല.  2009 ല്‍ പിജിഡിഎം കോഴ്സ് ഒന്നാം റാങ്കോടെയാണ് വിജയിച്ചത്. 

എംകോം ഫസ്റ്റ് ക്ലാസില്‍ പാസായ ശേഷം കോളജ് അധ്യാപികയായി സുജ ജോലിയില്‍ പ്രവേശിച്ചു. ജെ.ആര്‍.എഫ് ലഭിച്ചതിനെ തുടര്‍ന്ന്  ജോലി ഉപേക്ഷിച്ച് പിഎച്ച്ഡി നേടി. ആംസ്റ്റര്‍ഡാം യൂണിവേഴ്സിറ്റിയില്‍ നിന്ന് ക്വാളിറ്റേറ്റീവ് റിസര്‍ച് മെത്തേഡ്സില്‍ സര്‍ട്ടിഫിക്കറ്റും സുജ സ്വന്തമാക്കി.  അതുകൂടാതെ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐസിടി അക്കാദമിയില്‍ നിന്ന് ഡാറ്റ അനലിസ്റ്റ് സര്‍ട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് കോഴ്സും പൂര്‍ത്തിയാക്കി.

ഇനി പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പാണ് സുജയുടെ ലക്ഷ്യം.കാക്കനാട് കേന്ദ്രമാക്കി 'എംക്ലയര്‍' എന്ന പരിശീലന സ്ഥാപനം നടത്തുകയാണിപ്പോള്‍. നര്‍ത്തകികൂടിയായ സുജ കൂട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്. 

2010 ജനുവരി 31 നാണ് താരം വിവാഹിതയായത്. മെര്‍ച്ചന്റ് നേവി ചീഫ് എന്‍ജിനീയര്‍ രാകേഷ് കൃഷ്ണനാണു ഭര്‍ത്താവ്. 2002ല്‍ ജയറാം നായകനായ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ അഭിനയരംഗത്തേക്ക് കടന്ന് വന്നത്. 2013 ല്‍ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലായിരുന്നു അവസാനമായി അഭിനയിച്ചത്.

Content Highlights : Actress suja karthika's Mother Chandrika got Phd