പൊലീസ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണവുമായി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍. മാട്രിമോണിയല്‍ സൈറ്റിലെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടി പോലീസിന്റെ പിടിയിലാവുന്നത്. കസ്റ്റഡിയില്‍ എടുത്ത പൊലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനില്‍ നടി പരാതി നല്‍കിയിട്ടുണ്ട്.
മാട്രിമോണിയല്‍ വെബ്സൈറ്റില്‍ ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസിലായിരുന്നു ശ്രുതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നടി ജാമ്യത്തില്‍ പുറത്തിറങ്ങി. നടിയുടെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ച ആളും പോലീസിന്റെ പിടിയിലായിട്ടുണ്ട്. ജര്‍മനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സേലം സ്വദേശിയില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ആളുകളെ പറഞ്ഞുപറ്റിച്ച് ശ്രുതി ഒന്നര കോടി രൂപയോളം തട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കേസ് കെട്ടിച്ചമച്ചതാണെന്നാണ് നടി മാധ്യമങ്ങളോട് പറഞ്ഞത്. അമ്മയെയും തന്നെയും കുടുക്കുകയായിരുന്നെന്നും നടി പറഞ്ഞു. കസ്റ്റഡിയില്‍ പോലീസ് തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി തല്ലിയെന്നും നടി പറഞ്ഞു. നഗ്നയായി നില്ക്കുന്ന വീഡിയോ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ ഷൂട്ട് ചെയ്തെന്നും പീഡനം പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.
'ജയിലിലേക്ക് എന്നെ കൊണ്ടുപോയപ്പോള്‍ തന്നെ അവിടെയുള്ള സിസിടിവി ക്യാമറകള്‍ അവര്‍ എടുത്തുമാറ്റി. പിന്നെ ഒരു സെല്ലില്‍ വെച്ച് എന്റെ വസ്ത്രം അഴിച്ചുമാറ്റി കയ്യില്‍ വിലങ്ങു വെച്ചു. വസ്ത്രം വലിച്ചു കീറി നഗ്നയാക്കി. ഇതെല്ലാം കണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ചിരിക്കുകയായിരുന്നു. പിന്നെ എന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി.'- ശ്രുതി പറയുന്നു.
ഏഴ് ദിവസം തന്നെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നും പുറത്ത് പറഞ്ഞാല്‍ ബലാത്സംഗം ചെയ്ത് റോഡില്‍ എറിഞ്ഞ് അത് അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കുമെന്നും പൊലീസുകാരന് പറഞ്ഞെന്ന് നടി വെളിപ്പെടുത്തി. എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാന്‍ നടി നടത്തുന്ന നാടകമാണിതെന്നാണ് പോലീസ് ഭാഷ്യം.
തട്ടിപ്പ് ഇങ്ങനെ
കഴിഞ്ഞ് മെയ് മാസത്തിലാണ് ശ്രുതി മാട്രിമോണിയല്‍ സൈറ്റിലൂടെ ജര്‍മനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സേലം സ്വദേശിയെ പരിചയപ്പെടുന്നത്. മാട്രിമോണിയലിലെ പരിചയം, നടി പ്രണയമാക്കി പതുക്കെ വളര്‍ത്തിയെടുത്തു. നടിയെ സ്വന്തം ചെലവില്‍ യുവാവ് വിദേശത്തേക്ക് കൊണ്ടുപോയി.
അതിനിടെ തനിക്ക് ബ്രെയിന്‍ ട്യൂമറാണെന്നും അമ്മയ്ക്ക് ഹൃദയസംബന്ധമായ രോഗമാണെന്നും പറഞ്ഞ് 41 ലക്ഷത്തോളം രൂപ നടി യുവാവില്‍ നിന്ന് തട്ടിയെടുത്തു. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ചിത്രം യുവാവ് തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് ചതി മനസ്സിലായത്. തുടര്‍ന്ന് നടിയെ അറസ്റ്റ് ചെയ്തു. ശ്രുതി നിരവധി യുവാക്കളെ ഇതുപോലെ വഞ്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..