-
ലോക നൃത്തദിനത്തില്‍ ആരാധകരുമായി ഫെയ്‌സ്ബുക്ക് ലൈവില്‍ സംസാരിച്ച് നടി ശോഭന. സഹപ്രവര്‍ത്തകനും ബോളിവുഡ് നടനുമായ ഇര്‍ഫാന്‍ ഖാനെ നഷ്ടപ്പെട്ട ദിവസമാണെന്നും ശോഭന പറയുന്നു. അപ്‌നാ ആസ്മാന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. സൗമ്യനും ലോലമനസ്സിനുടമയുമായിരുന്നു അദ്ദേഹമെന്നും ശോഭന ഓര്‍മ്മിക്കുന്നു. നടന്റെ കുടുംബത്തോടൊപ്പം അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഫെയ്‌സ്ബുക്ക് ലൈവ് ആരംഭച്ചത്.
നൃത്തത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ശോഭന ചെയ്തത്. ശോഭനയ്ക്ക് മൃദംഗം വായിക്കാന്‍ അറിയാമോ എന്ന് അതിനിടയില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ തനിക്ക് മൃദംഗവായന അറിയില്ലെന്നും തന്റെ അറിവോടെയല്ലാതെ ഒരു ഫോട്ടോ വൈറല്‍ ആയിപ്പോയതാണെന്നും ശോഭന മറുപടി നല്‍കി.
അപരന്‍, ഇന്നലെ, കാണാമറയത്ത്, മണിച്ചിത്രത്താഴ്, ഏപ്രില്‍ 18 അങ്ങനെ അഭിനയിച്ച എല്ലാം സിനിമകളും ഇഷ്ടമാണ്. തേന്‍മാവിന്‍ കൊമ്പത്ത് ആണ് ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രമെന്നും ശോഭന പറയുന്നു. മണിച്ചിത്രത്താഴ് പ്രിയപ്പെട്ടതാണെങ്കിലും വളരെയധികം പരിശ്രമിച്ച് ചെയ്ത കഥാപാത്രമാണ് നാഗവല്ലിയെന്നും ശോഭന പറയുന്നു.
നടിക്ക് മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമുള്ള സൗഹൃദത്തെക്കുറിച്ചും ആരാധകര്‍ അറിയാന്‍ തിടുക്കം കൂട്ടി. മമ്മൂട്ടി സീനിയറായതിനാല്‍ അല്പം അകലം പാലിച്ചുകൊണ്ടാണ് താന്‍ നില്‍ക്കാറുള്ളതെന്നും ശോഭന പറയുന്നു. അദ്ദേഹത്തിന്റെ കര്‍ക്കശസ്വഭാവം കൊണ്ട് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാമെങ്കിലും വളരെ ആത്മാര്‍ഥതയുള്ള വ്യക്തിയാണ് മമ്മൂട്ടി. ലാല്‍ താന്റെ വളരെ അടുത്ത സുഹൃത്താണെന്നും 80കളിലെ താരങ്ങളുടെ സംഗമത്തില്‍ ഇടയ്ക്കിടെ കാണാറുണ്ടെന്നും ശോഭന പറയുന്നു.
വരനെ ആവശ്യമുണ്ട് എന്ന ചിത്രം വലിയ ബജറ്റിലായിരുന്നു പുറത്തിറങ്ങിയത്. അഭിനയത്തില്‍ പുതിയ പാഠങ്ങള്‍ നല്‍കിയ ചിത്രമായിരുന്നു അത്. ഗൗരവമുള്ള സന്ദര്‍ഭങ്ങളില്‍ പോലും മുഖത്ത് 'മെലോഡ്രാമ' ഭാവങ്ങളില്ലാതെ കൂളായി അഭിനയിക്കാനായി എന്നതില്‍ സന്തോഷമുണ്ട്. അതൊരു പുതിയ അനുഭവമായിരുന്നുവെന്നും ശോഭന പറയുന്നു.
ലോക്ഡൗണില്‍ കലാകാരന്‍മാര്‍ക്ക് ചെയ്യാന്‍ ഒരുപാടു കാര്യങ്ങളുണ്ടെന്നും നൃത്തം ചെയ്യാനാവുന്നില്ലെങ്കിലും മറ്റ് ഹോബികളിലേക്കും കടക്കാമല്ലോയെന്നും ശോഭന പറയുന്നു. ഫോണ്‍ മുമ്പില്‍ പിടിച്ച് നൃത്തം ചെയ്യാന്‍ താനിഷ്ടപ്പെടുന്നില്ലെന്നും വേദിയില്‍ ഒരുപാടു പേര്‍ക്കുമുന്നില്‍ നൃത്തം ചെയ്യുന്നതിന്റെ സന്തോഷവും സംതൃപ്തിയും അത് തരില്ലെന്നും ശോഭന പറയുന്നു.
'തിരുവിതാംകൂര്‍ സഹോദരിമാര്‍' എന്നറിയപ്പെട്ടിരുന്ന ലളിത പദ്മിനി രാഗിണിമാരുടെ മരുമകളാണ് ശോഭന. വളരെ സുന്ദരിയും സത്സ്വഭാവിയും നല്ലൊരു നര്‍ത്തകിയുമായിരുന്നു തന്റെ അമ്മായിയായ പദ്മിനി എന്നും സിനിമയെപ്പറ്റിയാണ് എപ്പോഴും തങ്ങള്‍ സംസാരിച്ചിരുന്നതെന്നും ശോഭന പറയുന്നു. രാഗിണി-ലളിതമാരെക്കുറിച്ച് വളരെ ചെറിയ ഓര്‍മ്മയേ തനിക്കുള്ളൂവെന്നും താന്‍ കുട്ടിയായിരിക്കേ അവര്‍ മരിച്ചുപോയെന്നും ശോഭന പറയുന്നു.
സംവിധാനം ചെയ്യണമെന്നുള്ളതും ഓണ്‍ലൈന്‍ നൃത്ത ക്ലാസ്സുകള്‍ ആരംഭിക്കണമെന്നതും തന്റെ സ്വപ്‌നമാണെന്നും ശോഭന പറഞ്ഞു. മണിച്ചിത്രത്താഴിലെ നാഗവല്ലിയാണ് തനിക്ക് ജീവന്‍ നല്‍കിയതെന്നും ജീവിതത്തിലെ ഓരോ ദിനവും ആ കഥാപാത്രം നിരന്തരം തന്നെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളുണ്ടാകാറുണ്ടെന്നും നടി പറയുന്നു.
ജീവിതത്തിലെ മറക്കാനാകാത്ത വൈകാരിക മുഹൂര്‍ത്തങ്ങളുണ്ടോയെന്നും നടിയോട് ആരാധകര്‍ ചോദിച്ചു. നടി തന്റെ അച്ഛനെക്കുറിച്ചു പറഞ്ഞുതുടങ്ങി. അച്ഛന്‍ എന്റെ നൃത്തത്തെക്കുറിച്ച് ഒരു അഭിപ്രായവും പറയാറില്ലായിരുന്നു. എന്നാല്‍ ഒരിക്കല്‍ പദ്മ സുബ്രമണ്യത്തിനൊപ്പം ഒരു നൃത്തപരിപാടി അവതരിപ്പിക്കാനായി. അച്ഛന്‍ മരിക്കുന്നതിന്റെ ഒരാഴ്ച്ച മുമ്പായിരുന്നു അത്. അന്ന് എന്നെ അടുത്തു വിളിച്ചു പറഞ്ഞു, നൃത്തം വളരെ നന്നായിരുന്നു എന്ന്. ഒരിക്കലും മറക്കാനാവില്ല അത്.'
തിലകനാണ് മലയാളത്തില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട നടനെന്നും ശോഭന പറയുന്നു. സിനിമകള്‍ ചെയ്യാന്‍ എനിക്ക് വളരെയധികം ഇഷ്ടമാണ്. അതുകൊണ്ടു തന്നെയാണ് ഇടയ്ക്ക് സിനിമ വിടുന്നതും. സിനിമയിലെ സുഹൃത്തുക്കളായാലും പ്രേക്ഷകരായാലും ഇതുവരെ നല്ലപോലെ തന്നെ വളര്‍ത്തി വലുതാക്കിയിട്ടുണ്ട്. ആ കംഫര്‍ട്ട് ലെവലില്‍ തുടരാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് ഇടയ്ക്ക് മാത്രം സിനിമ ചെയ്യുന്നതെന്നും ശോഭന പറഞ്ഞു.
Content Highlights : actress shobana facebook live about irrfan khan, films and dance on world dance day


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..