എണ്ണിയൊലൊടുങ്ങാത്ത ​ഹിറ്റ് ​ഗാനരം​ഗങ്ങൾക്കായി ചുണ്ടനക്കിയ നടനാണ് പ്രേം നസീർ. എന്നാൽ റെക്കോർഡ് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടും ഒരു മൂളിപ്പാട്ട് പോലും അദ്ദേ​ഹം പാടിയതായി താൻ കേട്ടിട്ടില്ലെന്ന് പറയുകയാണ് നടി ഷീല. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ  പ്രേം നസീർ സ്പെഷ്യൽ മെയ് ലക്കത്തിന് വേണ്ടിയാണ് അനശ്വര നടനെക്കുറിച്ച് ഷീല മനസ് തുറന്നത്. 

"ഒരുപാട് സിനിമകളില്‍ ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് നസീര്‍സാര്‍. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച എത്രയോ ഗാനരംഗങ്ങള്‍ ഉണ്ട്. എന്റെ കാതിനടുത്തുവന്ന് പാടുന്ന രംഗങ്ങളുണ്ട് പല ഗാനത്തിലും. പക്ഷേ, ഒരു ശബ്ദം പോലും അദ്ദേഹത്തിന്റെ വായയില്‍നിന്ന് കേള്‍ക്കില്ല. വെറും ചുണ്ടനക്കം മാത്രം. പക്ഷേ, ആ പാട്ടുകളൊന്നും ഇദ്ദേഹമല്ല പാടിയതെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. അത്രയ്ക്കല്ലേ പെര്‍ഫക്ഷന്‍.

ഇക്കണ്ട ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടും ഒരിക്കല്‍പോലും അദ്ദേഹം പാട്ട് പാടുന്നത് ഞാന്‍ കേട്ടിട്ടില്ല. പി. സുശീലയോ ജാനകിയോ പാടുന്ന അതേ പിച്ചില്‍ പാടിയാണ് ഞാനൊക്കെ അഭിനയിക്കാറുള്ളത്. അദ്ദേഹം പക്ഷേ, അങ്ങനെയല്ല. എങ്കിലും ആ ഗാനങ്ങള്‍ക്കെല്ലാം എന്തായിരുന്നു ജീവന്‍.

star and style
സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം

കുറേ പടത്തില്‍ അഭിനയിക്കുമ്പോള്‍ സ്വാഭാവികമായും ആ നായികയെയും നായകനെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങും. അവര്‍ കണ്ടുകണ്ട് അവരുടെ മനസ്സില്‍ അതങ്ങ് പതിഞ്ഞുപോയിരിക്കും. എത്രയോ പേര്‍ ഇന്നും വിശ്വസിക്കുന്നു കവിയൂര്‍ പൊന്നമ്മയുടെ മകനാണ് മോഹന്‍ലാല്‍ എന്ന്. അതുപോലെ ഇത്രയധികം സിനിമകളില്‍ നായികാനായകന്മാരായി വേഷമിട്ടപ്പോള്‍ ഞങ്ങളെക്കുറിച്ച് ഗോസിപ്പുകള്‍ പറഞ്ഞിരിക്കാം. പക്ഷേ, ഞങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല. അന്ന് അത്രയധികം പത്രങ്ങളോ മറ്റ് മാധ്യമങ്ങളോ ഇല്ലല്ലോ. അങ്ങനെ അറിഞ്ഞ ആരേലും ഉണ്ടെങ്കില്‍ തന്നെ അവര്‍ നമ്മളോട് നേരിട്ട് പറയുമോ. അതിനവര്‍ക്ക് ധൈര്യം കാണുമോ"

ഷീലയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം മെയ് ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിൽ വായിക്കാം

Content Highlights : Actress Sheela about Prem Nazir Star And Style Nazir Sheela