വൃക്ക തകരാറിലായി ചികിത്സയിൽ കഴിയുന്ന മകനുവേണ്ടി സഹായം അഭ്യര്‍ഥിച്ച് നടി സേതുലക്ഷ്മി. പത്തു വര്‍ഷത്തിലേറെയായി സേതുലക്ഷ്മിയുടെ മകന്‍ കിഷോര്‍ വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലാണ്. വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് ഇനി ഏക പോംവഴി. അതിനുള്ള ഭാരിച്ച ചെലവും വീട്ടുചെലവുകളും ഒരുമിച്ചു കൊണ്ടുപോകാന്‍ തന്റെ വരുമാനം കൊണ്ട് കഴിയുന്നില്ലെന്നും മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ സുമനസ്സുകളുടെ സഹായം വേണമെന്നും സേതുലക്ഷ്മി അഭ്യര്‍ഥിക്കുന്നു.

സേതുലക്ഷ്മിയുടെ വാക്കുകള്‍

"മോന്റെ വൃക്കകൾ രണ്ടും പോയിട്ട് പത്ത് വര്‍ഷമായി. അവന്റെ ഭാര്യയ്ക്ക് ജോലിയില്ല. അവന് ജോലി ചെയ്യാനാകില്ല. ചില കോമഡി പരിപാടികള്‍ക്കൊക്കെ പോകും. ശാരീരികമായി അതിനൊന്നും പോകാന്‍ അവനു വയ്യ. എങ്കിലും പോകും. പത്തു വര്‍ഷം കഴിഞ്ഞു ഇപ്പോള്‍. ഞാന്‍ വിചാരിച്ചിട്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. വല്ലാത്ത അവസ്ഥയാണ്. വൃക്ക മാറ്റിവയ്ക്കണം അതേ വഴിയുള്ളൂ.

കരമന പി.ആര്‍.എസ് ആശുപത്രിയിലാണ് അവന്റെ ചികിത്സ നടക്കുന്നത്. രണ്ടു ദിവസത്തിലൊരിക്കല്‍ അവന് ഡയാലിസിസ് ചെയ്യണം. രക്തം മാറ്റണം. പിന്നെ അവന്റെ കാലിനൊക്കെ ബലക്കുറവായിത്തുടങ്ങി. അതിന് ഒരു ഡയാലിസിസിന്റെ കൂടെ 6500 രൂപയോളം വരുന്ന ഇഞ്ചക്ഷന്‍ എടുക്കണം. ഡയാലിസിസിന് 1200 രൂപയാണ്, രക്തത്തിന് 900 രൂപ. പിന്നെ ഗുളികകള്‍ ഉണ്ട്. അതിനെല്ലാം പുറമേ വീട്ടുച്ചെലവും കുട്ടികളുടെ കാര്യങ്ങളും എല്ലാത്തിനും കൂടി എനിക്ക് കിട്ടുന്നത് കൊണ്ട് തികയുന്നില്ല. വൃക്ക മാറ്റിവയ്ക്കണമെങ്കില്‍ ഒരുപാട് പൈസയാകും. അവന്റെ ബ്ലഡ് ഗ്രൂപ്പ് ഒ പോസറ്റീവ് ആണ്. 

രണ്ട് കുഞ്ഞുങ്ങളാണ് അവന്. മൂത്തകുട്ടിക്ക് പതിമൂന്ന് വയസേ ആയിട്ടുള്ളൂ രണ്ടാമത്തേതിന് പന്ത്രണ്ടും. വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ മുതല്‍ അവന് മരിച്ചുപോകുമോ എന്ന ഭയമാണ്. അവന് ജീവിക്കണമെന്ന് വലിയ ആഗ്രഹമാണ്. 'അമ്മേ ഒരഞ്ച് വര്‍ഷം കൂടിയെങ്കിലും എനിക്ക് ജീവിക്കണം. എന്റെ മോന് ഒരു പതിനെട്ട് വയസെങ്കിലും ആയിരുന്നെങ്കില്‍ എനിക്ക് സങ്കടമില്ലായിരുന്നു' എന്നാണ് അവന്‍ പറയുന്നത്. ഞാന്‍ എനിക്ക് കിട്ടുന്നതെല്ലാം എടുത്താണ് ചികിത്സിക്കുന്നത്.

താരസംഘടനയായ എ.എം.എം.എയില്‍ എനിക്ക് അംഗത്വം ഉണ്ട്. അവരെ അറിയിച്ചിട്ടുണ്ട്. ഇനി ഒന്നുകൂടി സൂചിപ്പിക്കണം. ഇടവേള ബാബു സാറിനോട് പറയാനിരിക്കുകയാണ്. എല്ലാവരും സഹായിക്കണം. അതിനെല്ലാം പുറമേ അവന് വേണ്ടി പ്രാര്‍ഥിക്കണം".

Kishore A, A/C Number: 34425779207

CIF Number: 87920990765,

IFSC Code: SBIN001025, SBI, Poonkulam Branch.

Content Highlights : sethulakshmi actress seeking help for her son's treatment sethulakshmi son kishore treatment