ണ്ട് വൃക്കയും തകരാറിലായി, ചികിത്സിക്കാൻ വഴിയില്ലാതെ കഷ്ടപ്പെടുന്ന മകന് വേണ്ടി സഹായമഭ്യര്‍ഥിച്ച് നടി സേതുലക്ഷ്മി  രംഗത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. പത്തു വര്‍ഷത്തിലേറെയായി വൃക്കരോഗം മൂലം പൊറുതിമുട്ടുകയാണ് സേതുലക്ഷ്മിയുടെ മകന്‍ കിഷോര്‍. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റ് പോംവഴികളൊന്നും ഇല്ലെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വിധി എഴുതിയിരിക്കുന്നത്. അസുഖം കാരണം ജോലിക്ക് പോകാന്‍ കഴിയാത്ത മകന്റെയും ഭാര്യയുടെയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുടെയും കാര്യങ്ങളും വീട്ടുച്ചെലവുകളും  ചികിത്സയും എങ്ങനെ കൊണ്ടുപോകണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ് ഈ അമ്മ. 

സേതുലക്ഷ്മിയുടെയും മകന്റെയും നിസ്സഹായാവസ്ഥ അറിഞ്ഞതു മുതൽ അവർക്ക് സഹായവാഗ്ദാനങ്ങളുടെ പെരുമഴയാണ്. എന്നാൽ, വന്ന ഫോൺവിളികളിൽ പലതും വെറും ക്ഷേമാന്വേഷണങ്ങൾ മാത്രമായിരുന്നു. എത്ര പണം കിട്ടിയെന്നും താരസംഘടന സഹായിച്ചില്ലേ എന്നുമാണ് എല്ലാവർക്കും അറിയേണ്ടതെന്നും മകനെ പ്രാർഥനയ്ക്ക് കൊണ്ടുപോകാൻ ഉപദേശിക്കുന്നവരുമുണ്ടെന്നും പരിഭവം പറയുകയാണ് സേതുലക്ഷ്മി. തുച്ഛമായ തുകയാണെന്ന് ഇതുവരെ തനിക്ക് കിട്ടിയതെന്നും അവർ പറയുന്നു. ഈ ഫോൺകോളുകൾ കാരണം വല്ലാത്ത മാനസിക പ്രയാസത്തിലാണ് താനെന്നും സേതുലക്ഷ്മി മാതൃഭൂമി ഡോട്ട് കോമിനോട് പറയുന്നു. 

സേതുലക്ഷ്മിയുടെ വാക്കുകള്‍

"വാര്‍ത്തയും മറ്റും കണ്ടിട്ട് കുറെ പേര്‍ വിളിച്ചിരുന്നു. എല്ലാവരും ചോദിക്കുന്നത് എ.എം.എം.എയില്‍ ഇല്ലേ, അവര്‍ സഹായിച്ചില്ലേ എന്നൊക്കെയാണ്. ഇത് വല്ലാത്ത മാനസിക പ്രയാസം ഉണ്ടാക്കുന്നുണ്ട്. പത്തു പൈസ അംഗത്വ ഫീസ് വാങ്ങാതെ എന്നെ സംഘടനയില്‍ ചേര്‍ത്തത് അവരാണ്. ഞാനൊരു സിനിമാനടിയാണ്. എന്റെ കയ്യില്‍ നിറയെ പൈസ ആണെന്നാണ് വിളിക്കുന്നവര്‍ കരുതുന്നത്.

എനിക്ക് എന്റെ മകനെ ചികിത്സിക്കണം. അവന്റെ കുടുംബത്തെയും കുട്ടികളെയും നോക്കണം. വീട്ടുവാടക കൊടുക്കണം. കിട്ടുന്ന പൈസ ഇതിനേ തികയൂ. ഡയാലിസിസുമായി  മുന്നോട്ടുപോകാനായിരുന്നെങ്കില്‍ എനിക്ക് ഇതിന്റെ ആവശ്യം വരില്ലായിരുന്നു. പക്ഷേ, പെട്ടെന്നാണ് ഡോക്ടര്‍ വിളിച്ചുപറയുന്നത് അവന്റെ വൃക്ക മാറ്റിവയ്ക്കണമെന്ന്. അതിന് നല്ലൊരു തുക ചെലവാകും. ഞാന്‍ എത്ര ശ്രമിച്ചാലും അത് എന്നെ കൊണ്ടാവില്ല. അതിനുള്ള ശമ്പളമേ എനിക്കുള്ളൂ. 

എ.എം.എം.എക്ക് ഇത് അറിയുമായിരുന്നു. പക്ഷേ പെട്ടെന്ന് എനിക്ക് ഇത്രയും പൈസ ആവശ്യം വന്നപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. ഇങ്ങനെ ഒരു പ്രൊമോഷന്‍ കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ കൊടുത്തു.

പക്ഷേ എനിക്കെത്ര രൂപ കിട്ടിയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. വളരെ തുച്ഛമായ തുകയേ എനിക്ക് കിട്ടിയിട്ടുള്ളൂ.

ഗള്‍ഫില്‍ നിന്നൊക്കെ പലരും വിളിക്കുന്നുണ്ട്. പല ചാനലുകളും വന്ന് വീഡിയോ ഒക്കെ എടുത്തു കൊണ്ടുപോയി. പക്ഷേ, എനിക്ക് ഒരു ലക്ഷത്തി ചില്വാനം രൂപയുടെ അടുത്തേ കിട്ടിയിട്ടുള്ളൂ. 

എന്റെ മകനെ രക്ഷിക്കാന്‍, അവന് വൃക്ക മാറ്റിവയ്ക്കാന്‍  നാല്‍പത് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്. എ.എം.എം.എ എന്നെ സഹായിക്കും. പക്ഷേ, അങ്ങോട്ട് കയ്യും വീശി ചെന്നു പറയാനുള്ള മാനസികാവസ്ഥ എനിക്കില്ല. അതുകൊണ്ട് ഞാന്‍ വിചാരിച്ചു എത്രയും പെട്ടെന്ന് കുറച്ചു പൈസ ഉണ്ടാക്കി ബാക്കി അവരോട് ചോദിക്കാമെന്ന്. 

വൃക്ക വാങ്ങാനുള്ള പൈസ കുറച്ചെങ്കിലും ആയാല്‍ ഞാന്‍ സംഘടനയോട് പറയും...  മക്കളെ വൃക്ക വാങ്ങാനുള്ളതായി. ബാക്കി നിങ്ങളൊന്ന് സഹായിക്കണമെന്ന്.  അവരോട് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. അവര്‍ സഹായിക്കാമെന്ന് പറഞ്ഞിട്ടുമുണ്ട്. 

ഞാനാണ് പറഞ്ഞത് എത്രയാണ് കിട്ടിയതെന്ന് അറിയിക്കാമെന്ന്. പക്ഷേ ഒരു അഞ്ചു ലക്ഷമെങ്കിലും ആകാതെ പറയാന്‍ എനിക്ക് നാണക്കേടാണ്. എ.എം.എം.എ  മറ്റു ചില സംഘടനകളെ വിവരമറിയിച്ചു. അവരും സഹായിക്കും. 

ഒരു അഞ്ച് ലക്ഷം രൂപയെങ്കിലും ഒപ്പിച്ച് എനിക്ക് അവരോട് പറയാമെന്നാണ് കരുതിയത്. ഞാൻ അക്കൗണ്ട് നമ്പര്‍  കൊടുത്തിട്ടുണ്ട്. ഇനി സന്മനസ് ഉള്ളവര്‍ തരട്ടെ എന്നേ ഞാന്‍ കരുതുന്നുള്ളൂ. 

ആയിരം, ആയിരത്തിയഞ്ഞൂറ്.... അങ്ങനെ തുച്ഛമായ തുകയാണ് അക്കൗണ്ടിലേക്ക് വന്നിട്ടുള്ളത്. ഏറ്റവും കുറഞ്ഞത് ഒരു 40-45 ലക്ഷം രൂപയെങ്കിലും കരുതിവയ്ക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. അവനെ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ ശസ്ത്രക്രിയ നടത്താമെന്നാണ് പറഞ്ഞത്. 

Read More : അവന് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്, സഹായിക്കണം': മകനുവേണ്ടി സഹായമഭ്യര്‍ഥിച്ച് നടി സേതുലക്ഷ്മി

ഇതുവരെ വൃക്ക കിട്ടിയിയിട്ടില്ല . പൈസ ആയാല്‍ വൃക്ക പൈസ കൊടുത്തെങ്കിലും വാങ്ങാമെന്നാണ് കരുതിയത്. 90-80 വയസ്  പ്രായമായവരുടെയൊക്കെ വൃക്കയാണ് സൗജന്യമായി തരാമെന്ന് പറഞ്ഞിട്ടുള്ളത്. അവന് 43 വയസായിട്ടേയുള്ളൂ. അതും രണ്ട് വൃക്കയും പോയിരിക്കുകയാണ്. എന്നിട്ട് ഇങ്ങനെ പ്രായമായവരുടെ വൃക്ക വച്ചിട്ട് മോന് എന്തെങ്കിലും സംഭവിച്ചാലോ. വല്ലോരും തരുന്ന പൈസേം പോകും. എന്റെ മോനും പോകും. അതെനിക്ക് താങ്ങാനാവില്ല. 

അതുകൊണ്ടാണ് പൈസ കൊടുത്ത് തന്നെ വാങ്ങാമെന്ന് പറഞ്ഞത്. പിന്നെ ഇത് കഴിഞ്ഞുള്ള ചികിത്സ, ഗുളികകള്‍ ഇതിനെല്ലാം കരുതി വച്ചേ പറ്റൂ എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പൊൾ എന്തെങ്കിലും ഒരു കരുതലോടെ ഞാന്‍ എന്റെ സംഘടനയില്‍ ചെന്ന് പറയുമ്പോള്‍ അവരെന്നെ സഹായിക്കും.

ഒരു വിശ്വാസമായിപ്പോയി. പെട്ടെന്നാണ് ഇങ്ങനെ ഒരു പ്രൊമോഷന്‍ കൊടുത്തത്. ആ വാര്‍ത്തയും മറ്റും കണ്ടിട്ടാണ് ഇപ്പോള്‍ എല്ലാവരും എന്നെ വിളിക്കുന്നത്. ഇനി എല്ലാം വിധി പോലെ നടക്കട്ടെ അല്ലാതെ ഞാനിനി എന്ത് പറയാനാണ്. 

പലരും വിളിച്ചു പറയുന്നുണ്ട് പ്രാര്‍ഥനകള്‍ക്ക് കൊണ്ടുപോകാന്‍. ഈ വയ്യാതെ അവശനായി കിടക്കുന്ന ആളെ ഞാന്‍ എങ്ങോട്ട് കൊണ്ട് പോകാനാണ്. പ്രാര്‍ഥന വേണ്ടന്നല്ല. ഈ ചികിത്സയൊക്കെ കളഞ്ഞിട്ട് ചെല്ലാനാണ് അവരെല്ലാം പറയുന്നത്. പലരും അവരെ കൊണ്ടാവുന്ന സഹായമൊക്കെ ചെയ്യുന്നുണ്ട്. എങ്ങനെയെങ്കിലും എന്റെ മോനെ രക്ഷിക്കാനുള്ള പൈസ ഉണ്ടാക്കണം. എങ്ങനെയെങ്കിലും ദയവായി എല്ലാവരും സഹായിക്കണം."

അക്കൗണ്ട് വിവരങ്ങൾ:

Kishore A, A/C Number: 34425779207

CIF Number: 87920990765,

IFSC Code: SBIN001025, SBI, Poonkulam Branch.

 

Content Highlights : actress sethulakshmi seeking help for her son's treatment sethulakshmi actress son kishore treatment