ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാൻ എന്ന ചിത്രത്തിലെ ഷീല പോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് സാന്ദ്ര ആമി. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു കുറിപ്പും ചിത്രവുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു കുടുംബചിത്രമാണ് താരം പങ്കുവച്ചത്. ഭർത്താവിനും രണ്ട് മക്കൾക്കും പുറമേ രണ്ട് പേരെ കൂടി ചിത്രത്തിൽ വരച്ചു ചേർത്തിട്ടുണ്ട്. അകാലത്തിൽ വിട്ടകന്ന സഹോദരന്റെയും പ്രണയിനിയുടെയും ചിത്രം തന്റെ കുടുംബചിത്രത്തോടൊപ്പം വരച്ച് ചേർത്ത കലാകാരന് നന്ദി പറഞ്ഞു കൊണ്ടാണ് സാന്ദ്രയുടെ കുറിപ്പ്.

"രബീഷ് പറമ്മേൽ എന്ന കലാകാരൻ സ്വർ​ഗത്തിൽ നിന്നും വന്ന മാലാഖയാണ്. മണിക്കൂറുകൾക്കുള്ളിൽ എന്റെ വലിയൊരു സ്വപ്നം അദ്ദേഹം സാധ്യമാക്കി തന്നു. ഈ ചിത്രം എനിക്കൊരു നിധിയാണ്. ഈ ജീവിതത്തിൽ ഞാനേറ്റവുമധികം സ്നേഹിക്കുന്ന ആളുകളാണ് ഈ ചിത്രത്തിലുള്ളത്.

2006 ലാണ് എനിക്കെന്റെ സഹോദരനെ ഒരു അപകടത്തിൽ (അപകടമെന്നാണ് പ്രത്യക്ഷത്തിലെങ്കിലും അത് അങ്ങനെയല്ല) നഷ്ടമാകുന്നത്. ഞാനീ ജീവിതത്തിൽ ഏറ്റവുമധികം ആശ്രയിച്ചിരുന്ന ഏക വ്യക്തി അദ്ദേഹമായിരുന്നു. ഒരു രാത്രി കൊണ്ട് എനിക്കെല്ലാം നഷ്ടമായി. ഇന്നും അദ്ദേഹത്തെ എനിക്ക് നഷ്ടമായെന്ന് വിശ്വസിക്കാനാകുന്നില്ല. എനിക്കത് വിശ്വസിക്കാനും താത്‌പര്യമില്ല. അതിന്റെ പിറ്റേ ദിവസം തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രണയിനിയും ആത്മഹത്യ ചെയ്തു. കാരണം അവർക്ക് അവരുടെ പ്രണയത്തെയാണ് നഷ്ടമായത്. എന്റെ ചേട്ടന്റെ നക്ഷത്രമാണ് എന്റെ കുഞ്ഞുങ്ങൾക്ക് ( അദ്ദേഹം ഇന്നും എന്നോടൊപ്പം ഉണ്ടെന്നതിന്റെ തെളിവുകളിൽ ഒന്നാണത്). അവർ വീണ്ടും ഞങ്ങൾക്ക് വേണ്ടി ജനിച്ചുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ മകൾ രുദ്രയെ ഞാൻ പാത്തുവെന്നാണ് വിളിക്കുന്നത്. കാരണം എന്റെ ജ്യേഷ്ഠത്തിയമ്മ അഹാ ഫാത്തിമയെ എന്റെ ചേട്ടൻ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞങ്ങളുടെ സന്തോഷത്തിൽ എന്നും അവരുണ്ടാകണമെന്നാണ് എന്റെ ആ​ഗ്രഹം. എന്റെ സ്വപ്നം രബീഷ് ഇപ്പോൾ നടത്തി തന്നു. ഈ ചിത്രം കാണുമ്പോഴെല്ലാം ഞാൻ സന്തോഷത്താൽ മതിമറക്കുന്നു...."സാന്ദ്ര കുറിച്ചു

ടെലിവിഷൻ പരമ്പരകളിലൂടെയാണ് സാന്ദ്ര അഭിനയരംഗത്തെത്തുന്നത്. പിന്നീട് സ്വപ്നക്കൂട്, വാർ ആൻഡ് ലവ്, സിങ്കം 3 തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടു. ജ്യോതിക നായികയാകുന്ന കാട്രിൻ മൊഴിയിലാണ് അവസാനം വേഷമിട്ടത്. അവതാരകനും നടനുമായ പ്രജിനാണ് സാന്ദ്രയുടെ ഭർത്താവ്. ഇരുവർക്കും രണ്ട് വയസായ ഇരട്ട പെൺകുട്ടികളുണ്ട്.

Content Highlights : Actress Sandra Aamy Shares Pics with her late brother and sister in Law