സിനിമയിൽ 2002 മുതൽ 2013 വരെയുള്ള അഭിനയ കാലയളവിൽ തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി സമീറ റെഡ്ഡി. പിങ്ക് വില്ലയ്ക്കു നൽകിയ അഭിമുഖത്തിനിടയിലാണ് സമീറ മനസ്സു തുറന്നത്.

'ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ചുംബനരംഗം കൂടി ചേർത്തിട്ടുണ്ടെന്ന് പറഞ്ഞു. അത് ഞാൻ കഥ കേട്ടു കഴിഞ്ഞ് പിന്നീട് ചേർത്തതായിരുന്നു. ആ രംഗത്തിൽ അഭിനയിക്കാൻ താത്‌പര്യമില്ലായിരുന്നു. മുസാഫിറിൽ നിങ്ങൾ അത്തരത്തിൽ അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു അവരെന്നോട് ചോദിച്ചത്. അതിനർഥം ഞാനത് ഇനി ചെയ്തുകൊണ്ടേയിരിക്കും എന്നല്ല എന്ന് ഞാൻ തീർത്തു പറഞ്ഞു. സൂക്ഷിച്ചു സംസാരിക്കണമെന്നും തന്നെ എപ്പോൾ വേണമെങ്കിലും മാറ്റി മറ്റൊരു നടിയെ കൊണ്ടു വരുമെന്നുമായിരുന്നു പ്രതികരണം.'

മറ്റൊരു അനുഭവം ബോളിവുഡിൽ അഭിനയിക്കുമ്പോഴായിരുന്നുവെന്നും നടി വെളിപ്പെടുത്തി. 'ഞാൻ ബോർ ആണെന്നും സിനിമയിലേക്ക് വിളിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഒപ്പം അഭിനയിച്ചിട്ടുള്ള ഒരു നായകനടൻ നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇനി എന്നോടൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടാകുമോ എന്നു പോലും അറിയില്ല. ആ ചിത്രത്തിനു ശേഷം ഞാൻ അയാൾക്കൊപ്പം അഭിനയിച്ചിട്ടുമില്ല.' സമീറ പറഞ്ഞു.

'ഇത്തരം കഴുകൻമാരിൽ നിന്നും സ്വയം രക്ഷ നേടാൻ എന്തെങ്കിലും ഉപാധി വേണമെന്നും സമീറ പറയുന്നു. പാമ്പും കോണിയും കളി പോലെയാണ് സിനിമ. പാമ്പുകൾക്കിടയിലൂടെ എങ്ങനെ നീങ്ങുമെന്ന് അറിയണം. ഷൂട്ടിനു ശേഷമുള്ള പാർട്ടികൾക്കൊന്നും താൻ പോകാറില്ലെന്നും സമീറ വെളിപ്പെടുത്തി. വീട്ടിൽ തിരിച്ചെത്തി ടിവി കാണും.' സമീറ പറയുന്നു.

2002ൽ മേനെ ദിൽ തുഛ്കോ ദിയ എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സമീറ തെന്നിന്ത്യൻ ഭാഷകളിലും ബംഗാളിയിലും അഭിനയിച്ചിട്ടുണ്ട്. പങ്കജ് ഉദ്ദാസിന്റെ ഓർ ആഹിസ്ത എന്ന മ്യൂസിക് വീഡിയോ ആണ് സമീറയെ ബോളിവുഡിലെത്തിച്ചത്. 2013- ലെ വരദനായക ആണ് അവസാനമായി അഭിനയിച്ച ചിത്രം.

Content Highlights : Actress Sameera Reddy, Casting Couch, Pinkvilla