ണ്ട് സിനിമകൾ, രണ്ട് പാട്ടുകൾ. അതു മാത്രം മതി മലയാളിക്ക് എന്നും സലീമയെന്ന നടിയെ ഓർക്കാൻ. എം.ടി.-ഹരിഹരൻ ​ടീമിന്റെ നഖക്ഷതങ്ങളിലെ ലക്ഷ്മിയും ആരണ്യകത്തിലെ അമ്മിണിയും. നഖക്ഷതങ്ങളിലെ കേവല മർത്ത്യഭാഷ കേൾക്കാത്ത ദേവദൂതികയും ആരണ്യകത്തിലെ ഒളിച്ചിരിക്കാൻ വള്ളിക്കുടിലും വെള്ളിത്തിരയിൽ അനശ്വരമാക്കിയ സലീമ പക്ഷേ, സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നു മാറി എവിടെയോ ഒളിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടാവാറായി സലീമയെ കുറിച്ച് ഒന്നും കേൾക്കാതായിട്ട്. ഒടുവിൽ ചെന്നൈ ടി നഗറിലെ വീട്ടിലെ ഒറ്റപ്പെട്ട ജീവിതം മടുത്ത്, വർഷങ്ങൾ നീണ്ട അജ്ഞാതവാസം അവസാനിപ്പിച്ച് സലീമ വീണ്ടും വരികയാണ് ആർക്ക് ലൈറ്റുകളുടെയും ക്യാമറയുടെയും മുന്നിലേയ്ക്ക്. തിരിച്ചുവരവിനെക്കുറിച്ച് കേട്ട വാര്‍ത്തകളെല്ലാം സത്യമാണെന്ന് സലീമ മാതൃഭൂമി ഡോട്ട്‌ കോമിനോട് പറഞ്ഞു.

നഖക്ഷതങ്ങളായിരുന്നു എന്റെ ആദ്യത്തെ മലയാളചിത്രം. അതിനുശേഷം മലയാളത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. മറക്കാനാവാത്ത ഒന്നായിരുന്നു ആരണ്യകത്തിലെ വേഷം. എന്നിരുന്നാലും ഒരേ തരത്തിലുള കഥാപാത്രങ്ങള്‍ വീണ്ടും തേടിയെത്തിയപ്പോള്‍ പല അവസരങ്ങളും വേണ്ടെന്നുവച്ചു. ഇടയ്ക്ക് ചില അതിഥിവേഷങ്ങൾ. പ്രിയദർശന്റെ വന്ദനത്തിലും. മമ്മൂട്ടി നായകനായ മഹായാനത്തിലും. മഹായാനത്തോടെ പിന്നെ അവസരങ്ങൾ ഇല്ലാതായി. ബിസിനസ്സുമായി ബന്ധപ്പെട്ട തിരക്കുകള്‍ കൊണ്ടും വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ടുമാണ് സിനിമയില്‍ നിന്ന് മാറി നിന്നത്.

അഭിനയം നിർത്തിയെങ്കിലും മലയാള സിനിമകള്‍ മുടങ്ങാതെ കാണുമായിരുന്നു. അത്രയ്ക്കും ഇഷ്ടമായിരുന്നു മലയാളത്തോടും കേരളത്തോടും. വര്‍ഷങ്ങള്‍ ഒരുപാട്  കഴിഞ്ഞപ്പോഴാണ് പിന്നെയും അഭിനയിക്കാൻ ഒരു മോഹം തോന്നിയത്. അഭിനയത്തോട് മാത്രമാണ് എനിക്ക് ഇഷ്ടമുണ്ടായിരുന്നത്. അറിയാവുന്ന ഒരേയൊരു ജോലിയും അതുതന്നെ. സിനിമയിലെ ചില സുഹൃദങ്ങൾ ഞാൻ ഉപേക്ഷിച്ചിരുന്നില്ല. അവരെയൊക്കെ വീണ്ടും വിളിച്ചു. ആദ്യം മലയാളത്തിലെ ആദ്യ നായകനായ വിനീതിനെയാണ്; വിളിച്ച് വീണ്ടും അഭിനയിക്കാനുള്ള മോഹം പറഞ്ഞത്. വിനീത് പ്രോത്സാഹിപ്പിച്ചു. പലരെയും പരിചയപ്പെടുത്താമെന്ന് ഏറ്റു. പിന്നെ ആര്യണകത്തിൽ ഒപ്പം അഭിനയിച്ച ദേവൻ സാർ, സെവൻസ് ആർട്സ് വിജയകുമാർ എന്നിവരെയും വിളിച്ചു. എല്ലാവരും പിന്തുണയ്ക്കാമെന്ന് സമ്മതിച്ചു. വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്താനുള്ള ആവേശത്തിലാണ് ഞാനിപ്പോൾ.

1982 ല്‍ മേഘസന്ദേശം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സലീമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്ക്, തമിഴ്, മലയാളം എന്നിവയിലായി ഒരു ഡസനോളം ചിത്രങ്ങളിലാണ് അഭിനയിച്ചത്.