'ആരണ്യ'കത്തിലെ അമ്മിണി, 'നഖക്ഷത'ങ്ങളിലെ ലക്ഷ്മി ഈ രണ്ട് കഥാപാത്രങ്ങള്‍ മാത്രം മതി സലീമയെ സിനിമാ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. മഹായാനത്തിലെ മോളിക്കുട്ടിയായി അവസാനമായി വെള്ളിത്തിരയിലെത്തിയ സലീമ പിന്നീട് എവിടെയോ ഒളിച്ചിരുന്നു. പിന്നീട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സലീമ വാര്‍ത്തകളിലിടം പിടിക്കുന്നത്. സിനിമയിലെ പഴയ സഹപ്രവര്‍ത്തകരെ വിളിച്ച് മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു അത്. സലീമ വീണ്ടും മലയാളത്തിൽ തിരിച്ചെത്തുകയാണ് കെകെ ഹരിദാസ് സംവിധാനം ചെയ്യുന്ന 'ഞാവല്‍പ്പഴം' എന്ന ചിത്രത്തിലൂടെ. പിറവത്തും പാഴൂര്‍ പടിപ്പുരയിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ഷീ മീഡിയാസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ രചന ഷാൻ കീച്ചേരിയാണ്.

ഒരു വാഹനാപകടത്തില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട് മുത്തശ്ശിക്കൊപ്പം ജീവിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. മുത്തശ്ശിയുടെ വേഷത്തിലാണ് സലീമ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പെണ്‍കുട്ടിയുടെ വേഷത്തിലെത്തുന്നത് ഒരു പുതുമുഖ നടിയാണ്. സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, പാഷാണം ഷാജി, സ്ഫടികം ജോര്‍ജ്ജ്, സന്തോഷ് കീഴാറ്റൂര്‍, ആല്‍വി അന്തോണിയോ, 'ഹരീഷ് കണാരന്‍, ടോണി, കലാശാല ബാബു, ഹരീഷ് പേരാടി, രാജീവ് കളമശ്ശേരി, അഞ്ജലി നായര്‍, മഞ്ജു സുനില്‍, നീനാ കുറുപ്പ്, ശാന്തകുമാരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

'ഞാവല്‍പ്പഴ'ത്തിലൂടെയുള്ള തിരിച്ചു വരവിനെക്കുറിച്ച് സലീമ മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചതിങ്ങനെ.

'വളരെ സന്തോഷമുണ്ട്. ഒരുപാട് കാലത്തെ കാത്തിരിപ്പിന്റെ ഫലമാണിത്. ഇപ്പോള്‍ രണ്ട സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചുവരുന്നത്. മലയാളത്തിലൂടെ തന്നെ അത് സാധ്യമായത് ഇരട്ടി മധുരം നല്‍കുന്നു. അതൊരു വലിയ ആഗ്രഹമായിരുന്നു. സിനിമയില്‍ സജീവമായാല്‍ ഇനിയൊരു തിരിച്ചുപോക്കുണ്ടാവില്ല. ഇനി ജീവിതകാലം മുഴുവന്‍ അഭിനയിക്കാന്‍ തന്നെയാണ് തീരുമാനം'. സിനിമയുടെ കൂടുതൽ വിവരങ്ങൾ അറിയില്ല. കഴിഞ്ഞ ദിവസം  പ്രൊഡക്ഷൻ കൺട്രോളർ ഷാജിയുമായി സിനിമയുടെ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു-സലീമ പറഞ്ഞു.

സലീമയെ വീണ്ടും സിനിമയിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ കെ.കെ.ഹരിദാസ് പറഞ്ഞു. ഷാജി പട്ടിക്കര വഴിയാണ് അവരെ ബന്ധപ്പെടുന്നത്. രണ്ടാം വരവിന് അവർ ഒരുങ്ങിയിരിക്കുകയായിരുന്നു. സിനിമയിൽ ശ്രദ്ധേയമായൊരു വേഷമാണ് അവർക്കുള്ളത്. ഒരുപാട് അഭിനയസാധ്യതയുമുണ്ട്-ഹരിദാസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കഥയ്‌ക്കൊപ്പം സംഗീതത്തിനും പ്രാധാന്യം കൊടുത്ത് ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഗാനരചനയും സംഗീതവും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ തീം സോംഗ് ഒരുക്കിയതിലൂടെ ശ്രദ്ധേയനായ ശരത് മോഹനാണ്. മധു ബാലകൃഷ്ണന്‍, കെ.എസ്.ഹരിശങ്കര്‍, രഞ്ജിനി ജോസ്, സിതാര എന്നിവര്‍ക്കൊപ്പം ഒരു പുതുമുഖ ഗായികയും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു.