രഘുവരൻ, രോഹിണി | ഫോട്ടോ: twitter.com/Rohinimolleti, പി.ജയേഷ് | മാതൃഭൂമി
തെന്നിന്ത്യൻ സിനിമാപ്രേക്ഷകർ ഒരിക്കലും മറക്കാത്ത നടനാണ് രഘുവരൻ. രഘുവരൻ അന്തരിച്ചിട്ട് ഞായറാഴ്ച 15 വർഷമാവുകയാണ്. ഈയവസരത്തിൽ അദ്ദേഹത്തേക്കുറിച്ച് ഓർമക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ കൂടിയായിരുന്ന നടി രോഹിണി. രഘുവരൻ ഇന്നുണ്ടായിരുന്നെങ്കിൽ നടനെന്ന നിലയിൽ ഏറെ സന്തോഷിക്കുമായിരുന്നെന്ന് രോഹിണി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചെറുകുറിപ്പിലാണ് രോഹിണി രഘുവരനേക്കുറിച്ചെഴുതിയിരിക്കുന്നത്. ഒരു സാധാരണ ദിവസമായാണ് 2008 മാർച്ച് 19 തുടങ്ങിയത്. എന്നെയും റിഷിയേയും സംബന്ധിച്ച് എല്ലാം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ജീവിച്ചിരുന്നെങ്കിൽ രഘു സിനിമയുടെ ഇപ്പോഴത്തെ ഘട്ടത്തെ വളരെയധികം ഇഷ്ടപ്പെടുമായിരുന്നു. ഒരു നടൻ എന്ന നിലയിലും അദ്ദേഹം ഏറെ സന്തോഷിക്കുമായിരുന്നുവെന്നും രോഹിണി ട്വീറ്റ് ചെയ്തു.
1958-ൽ പാലക്കാട് കൊല്ലങ്കോട് ചുങ്കമന്ദത്ത് വേലായുധൻ നായരുടേയും എസ്.ആർ. കസ്തൂരിയുടേയും മകനായാണ് രഘുവരന്റെ ജനനം. 1979 മുതൽ 1983 വരെ ചെന്നൈ കിങ്സ് എന്ന നാടക സംഘത്തിൽ അംഗമായിരുന്ന രഘുവരൻ ഒരു മനിതനിൻ കഥ എന്ന തമിഴ് സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. കക്ക എന്ന സിനിമയാണ് ആദ്യമായി അഭിനയിച്ച ചലച്ചിത്രവും, മലയാളചിത്രവും. ഏഴാവതു മനിതൻ ആണ് അഭിനയിച്ച ആദ്യ തമിഴ് ചിത്രം. പിന്നീട് വിവിധ ഭാഷകളിലായി 200-ഓളം കഥാപാത്രങ്ങൾ ചെയ്തു.
എം. മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ദൈവത്തിന്റെ വികൃതികളിലെ അൽഫോൺസച്ചൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രീതി നേടി. ഈ വേഷത്തിലൂടെ മികച്ച നടനുള്ള കേരള സർക്കാറിന്റെ അവാർഡും ലഭിച്ചു. മുതൽവൻ എന്ന ചിത്രത്തിലൂടെ മികച്ച വില്ലൻ വേഷത്തിനുള്ള തമിഴ് നാട് സർക്കാരിന്റെ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
1995-ൽ പുറത്തിറങ്ങിയ മാന്ത്രികത്തിലാണ് രഘുവരൻ മലയാളത്തിൽ ഒടുവിൽ വേഷമിട്ടത്. 2008-ൽ പുറത്തിറങ്ങിയ യാരെടി നീ മോഹിനി, എല്ലാം അവൻ സെയ്യൽ എന്നിവയാണ് അവസാനമായി മുഴുനീള വേഷത്തിൽ വന്ന തമിഴ് ചിത്രങ്ങൾ. രഘുവരന്റെ മരണശേഷം അദ്ദേഹം മുമ്പ് പൂർത്തിയാക്കിയ ചില ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു.
Content Highlights: actress rohini about late actor raghuvaran, actress rohini's new tweet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..