kochiഷൂട്ടിംഗിനിടെ പതിനേഴുകാരിക്കെതിരായി നടന്ന ലൈംഗിക അതിക്രമത്തെക്കുറിച്ചു വെളിപ്പെടുത്തിയതില്‍ വിശദീകരണവുമായി നടി രേവതി രംഗത്ത്. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭവമാണെന്നും പെണ്‍കുട്ടിയുടെ അനുമതിയില്ലാതെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും രേവതി പറഞ്ഞു. 

സംഭവ ദിവസം രാത്രി വളരെ വൈകി ആ പെണ്‍കുട്ടി എന്റെ മുറിയുടെ വാതിലില്‍ വന്ന് മുട്ടി രക്ഷിക്കണമെന്നു പറഞ്ഞതിനെത്തുടര്‍ന്ന് അവളെ മുറിയിലേക്കു വിളിക്കുകയായിരുന്നുവെന്ന് രേവതി പറഞ്ഞു. ലൈംഗികാതിക്രമമൊന്നും നടന്നിട്ടില്ല. ആ സംഭവം ഇക്കാലമത്രയും എന്നെ വല്ലാതെ വിഷമിപ്പിച്ചു. ശനിയാഴ്ച്ച നടന്ന wcc വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചു പരാമര്‍ശം വന്നപ്പോള്‍ ഇന്നും പ്രസക്തിയുണ്ടെന്നു മനസിലാക്കി ഈ സംഭവം കൂടി പറഞ്ഞതാണെന്നും രേവതി വിശദീകരിച്ചു. നോ എന്നാല്‍ നോ എന്നുതന്നെയാണെന്ന് എല്ലാവരും മനസിലാക്കണം. അന്ന് ആ പ്രായത്തില്‍ അതു പുറത്തറിയിക്കാനൊന്നുമുള്ള ധൈര്യമെനിക്കുണ്ടായിരുന്നില്ലെന്നും രേവതി പറഞ്ഞു.

ഇന്നലെ ഡബ്ല്യു.സി.സി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് രേവതി ഇക്കാര്യം വെളിപ്പെടുത്തിയത്. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 17കാരി പണ്ട് തന്റെ മുറിയുടെ വാതിലില്‍ മുട്ടിയിരുന്നുവെന്നും അത് ഇനി ആവര്‍ത്തിക്കപ്പെടരുതെന്നുമായിരുന്നു രേവതി പറഞ്ഞത്.

എന്നാല്‍ പീഡനവിവരം മറച്ചുവച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ജിയാസ് ജമാല്‍ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ രേവതിക്കെതിരെ പരാതി നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തണമെന്നും വിവരം മറച്ചുവച്ച രേവതിക്കെതിരെ കേസ് എടുക്കണമെന്നും പരാതിയില്‍ പറയുന്നു.